പയ്യന്നൂര്‍: വര്‍ഗീയതക്കും ഭീകരതക്കും എതിരേ മതവിശ്വാസികള്‍ ഒന്നിക്കണമെന്ന് കെ.എന്‍.എം ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍. ‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ കോഴിക്കോട് നടക്കാനിരിക്കുന്ന പത്താമത് സംസ്ഥാന മുജാഹിദ് സമ്മേളനത്തിന്റെ പയ്യന്നൂര്‍ മണ്ഡലം പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസികള്‍ പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ വര്‍ഗീയതയുണ്ടെന്ന് ഒരു പുരോഹിതന്‍ പരസ്യമായി പറഞ്ഞത് കേരളത്തിന്ന് അപമാനമാണ്. റഹ്‌മാന്‍ എന്നത് ദൈവത്തിന്റെ പേരാണെന്നും പരമ കാരുണികന്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥമെന്നും ദൈവത്തിന്ന് യാതൊരു വര്‍ഗീയതയുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അബ്ദുറഹിമാന്‍, എന്നാല്‍ കാരുണ്യവാനായ ദൈവത്തിന്റെ ദാസന്‍ എന്നാണെന്നും നബിയെക്കുറിച്ച് ഖുര്‍ആന്‍ റഹ്‌മത്ത് (കാരുണ്യം ) എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാരായണ ഗുരു, കരുണാവാന്‍ നബി മുത്ത് രത്‌നമോ എന്ന് അനുകമ്പാ ദശകത്തില്‍ പാടിയത് അദ്ദേഹം അനുസ്മരിച്ചു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മണ്ഡലം അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ അസീസ് മാസ്റ്റര്‍ വെള്ളൂര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.എം. ജില്ലാ ട്രഷറര്‍ സി.എച്ച് ഇസ്മായില്‍ ഫാറൂഖി പ്രമേയ വിശദീകരണവും ബാദുഷാ ബാഖവി, അംജദ് അന്‍സാരി എന്നിവര്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി. കെ.മുഹമ്മദ് ശരീഫ്, അഹമ്മദ് പരിയാരം, ലത്വീഫ് വെള്ളൂര്‍, പി.പി അബ്ദുസ്സലാം, അബ്ദുറഷീദ് ടമ്മിട്ടോണ്‍, എം.പി ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.