സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഒരുങ്ങുന്നു. കര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനമെത്തിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ കേരളത്തിലെ 29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ട സേവനം നടപ്പാക്കുന്നത്. ഒരു വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നിവരുള്‍പ്പെട്ട വെറ്ററിനറി ടീം ആയിരിക്കും കര്‍ഷകര്‍ക്ക് ഏത് സമയത്തും വീട്ടുപടിക്കല്‍ ചികില്‍സാ, സേവന സൗകര്യങ്ങളുമായി എത്തുക.
അഭിമുഖങ്ങള്‍ വഴി തെരഞ്ഞെടുത്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കി. വലിയ മൃഗങ്ങളേയും ചെറിയ മൃഗങ്ങളേയും ശുശ്രൂഷിക്കുന്നതിനുള്ള ചികില്‍സാ സൗകര്യങ്ങള്‍ അടങ്ങിയ വാഹനം അടുത്ത മാസത്തോടെ നിരത്തിലിറങ്ങും. കോള്‍ സെന്റര്‍ വഴിയാകും ചികില്‍സാ ഷെഡ്യൂള്‍ ഏകോപിപ്പിക്കുക. ജി.പി.എസ് ട്രാക്കിംഗ് സംവിധാനം വഴി വാഹനം ഏതു ബ്ലോക്കിലാണ്, എവിടെയൊക്കെ പോകുന്നുവെന്നും രേഖപ്പെടുത്തും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ചികില്‍സക്കായി പോകുന്നവര്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്ന സേവനം ക്ഷമയോടെ കേട്ട് പരിഹരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍ ഐ.എ.എസ് പറഞ്ഞു. ഇല്ലെങ്കില്‍ കോള്‍ സെന്റര്‍ വഴി യഥാസമയം കര്‍ഷകരുടെ പ്രതികരണം (ഫീഡ്ബാക്ക്) എടുക്കുന്ന സംവിധാനമുള്ളതിനാല്‍ പിടിവീഴുമെന്നും ഡയറക്ടര്‍ ഓര്‍മ്മിപ്പിച്ചു. പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി വാടക മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ അറുപത് ശതമാനവും കേരള സര്‍ക്കാര്‍ 40 ശതമാനവും വിഹിതം വഹിക്കുന്ന പദ്ധതിയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ്. പരിശീലന പരിപാടിയില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ.വിനുജി ഡി.കെ, ജോയിന്റ് ഡയറക്ടര്‍ ഡോ.ബേബി കെ.കെ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പുഷ്പലത, ഡോ. വേണുഗോപാല്‍, ഡോ.ആശ ടി.ടി എന്നിവര്‍ സംസാരിച്ചു.