തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് മോടി കൂട്ടിയ തലശ്ശേരി കടല്‍ത്തീരത്തിനാണ് അധികൃതരുടെ തുടര്‍ മേല്‍നോട്ടകുറവും, മാലിന്യം തള്ളലും കാരമം നിറം മങ്ങുന്നത്. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ കൊണ്ടു തള്ളുന്ന മാലിന്യങ്ങള്‍ ചിലയിടങ്ങളില്‍ കുന്നുകുടി അഴുകിത്തുടങ്ങിയത് ദുര്‍ഗന്ധപൂരിതമായിട്ടുണ്ട്. ഇവിടെ സായാഹ്നങ്ങള്‍ ചിലവഴിക്കാനെത്തുന്നവര്‍ക്ക് അസഹ്യമാവുകയാണ്. പിയര്‍ റോഡിലും കടല്‍തീരത്തും സി.സി.ടി.വി സ്ഥാപിച്ചിരുന്നുവെങ്കിലും പ്രയോജനമൊന്നുമില്ല. കടല്‍ പാലത്തിന് സമീപം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെ ശൗചാലയം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതേ വരെ തുറന്നു നല്‍കിയിട്ടുമില്ല.
ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച അലങ്കാര ദീപങ്ങള്‍ കാഴ്ചവസ്തുക്കളായി. വിളക്കുകളില്‍ ചിലതൊക്കെ ഒടിഞ്ഞു തുടങ്ങി. മറ്റ് ചിലതില്‍ വിളക്ക് കാണാനുമില്ല. ഗുണമേന്മയില്ലാത്തതാണ് ഇവിടെ സ്ഥാപിച്ച വിളക്കുകളെന്ന് പദ്ധതിയുടെ തുടക്കത്തിലെ പരാതി ഉയര്‍ന്നിരുന്നു. കത്താത്ത വിളക്കുകളില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ ആരും തന്നെ മുന്നോട്ടുവരുന്നുമില്ല.നവീകരണത്തിന് ശേഷം അര ഡസനോളം സിനിമകള്‍ ഈ ലൊക്കേഷനില്‍ ചിത്രീകരിച്ചിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ പാണ്ടികശാലാ കെട്ടിട ചുമരുകളൊക്കെ വര്‍ണ്ണചിത്രങ്ങള്‍ കൊണ്ട് ആകര്‍ഷകമാക്കിയിരുന്നു. കെട്ടിടങ്ങള്‍ക്കിടയിലെ ഇടുങ്ങിയ വഴികള്‍ മട്ടാഞ്ചേരി പോലുള്ള പുരാതന നഗരങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. ചരിത്ര കുതുകികളേയും സഞ്ചാരികളേയും ദശകങ്ങളായി ആകര്‍ഷിച്ചു വരുന്ന കടല്‍പ്പാലം ഏത് നിമിഷവും തിരയെടുക്കുമെന്നുറപ്പാണ്.
തൂണുകളെല്ലാം തുരുമ്പെടുത്തു ചിലത് നഷ്ടമായിട്ടുമുണ്ട്. അടുത്ത മഴക്കാലം മറികടക്കാന്‍ കാലത്തിന്റെ ചരിത്ര സാക്ഷിയായ ഈ പാലത്തിന് കഴിയുമോ എന്ന് നഗരവാസികള്‍ ഭയപ്പെടുകയാണ്. പാലത്തിലേക്കുള്ള പ്രവേശനം പൂര്‍ണമായും മതില്‍ കെട്ടി നിരോധിച്ചിരിക്കുകയാണ്. പാലം സംരക്ഷിക്കാന്‍ നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. യാതൊരു ചലനവുമുണ്ടായിട്ടില്ല.