തിരുവനന്തപുരം: നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷന്‍ ചൊല്ലി ഐ.എഫ്.എഫ്.കെയില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ അന്യായമായി സംഘം ചേര്‍ന്നതിന് കേസെടുത്ത് പോലിസ്. സിനിമക്ക് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മൂന്ന് പേര്‍ക്ക് ചലച്ചിത്രമേളയുടെ ടാഗ് ഇല്ലായിരുന്നു എന്ന് പോലിസ് പറഞ്ഞു. സിനിമ കാണാനായി ഐ.എഫ്.എഫ്.കെ ടാഗോര്‍ തിയേറ്ററില്‍ വന്‍ തിരക്ക് ഉണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നല്‍കുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. തിയേറ്ററിനുള്ളില്‍ കയറാന്‍ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുന്‍പില്‍ ഡെലിഗേറ്റുകള്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. ഇന്നും ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വന്‍ തിരക്കായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോര്‍ (25), തൃശൂര്‍ പാവറട്ടി സ്വദേശി നിഹാരിക (21), കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീന്‍ (25) എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരേയുമാണ് മ്യൂസിയം പോലിസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപ ശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പോലിസ് തങ്ങളെ മര്‍ദ്ദിച്ചു എന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിഹാരിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ‘അറിയിപ്പ്’, ‘വഴക്ക്’ എന്നീ സിനിമകള്‍ പ്രദര്‍ശിച്ചപ്പോഴും പ്രതിഷേധം ഉയര്‍ന്നിരുന്നു.