തലശ്ശേരിക്കാരന്റെ ‘ചങ്ങായി’ സിനിമക്ക് 26 രാജ്യാന്തര അവാര്‍ഡുകള്‍

തലശ്ശേരിക്കാരന്റെ ‘ചങ്ങായി’ സിനിമക്ക് 26 രാജ്യാന്തര അവാര്‍ഡുകള്‍

തലശ്ശേരി: കൊവിഡ് കാലത്ത് റിലീസ് ചെയ്തതിനാല്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ തലശ്ശേരിക്കാരന്‍ സുധേഷിന്റെ സിനിമ ഇതിനോടകം കരസ്ഥമാക്കിയത് 26 അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍. ഐവ ഫിലിംസിന്റെ ബാനറില്‍ സുധേഷ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ‘ചങ്ങായി ‘ എന്ന ചിത്രമാണ് അംഗീകാരങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്നത്.

2021-ല്‍ കൊവിഡിന്റെ ഇടവേളയില്‍ തിയേറ്ററുകള്‍ തുറന്നപ്പോഴാണ് സിനിമ ആദ്യം റിലീസ് ചെയ്തത്. ആളുകള്‍ തിയേറ്ററുകളില്‍ എത്താത്തതിനെത്തുടര്‍ന്ന് സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും റിലീസ് ചെയ്തു. കൂടുതല്‍ ആളുകളിലേക്ക്, പ്രത്യേകിച്ച് കുട്ടികളിലേക്ക് ഈ സിനിമയെത്തിക്കാന്‍ കഴിയാത്തതിനാല്‍ അടുത്തു തന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചങ്ങായിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താനാണ് അണിയറക്കാരുടെ ശ്രമം.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇര്‍ഫാനും മനുവിനുമിടയിലുള്ള സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ചങ്ങായി പറയുന്നത്. കൊവിഡിനെ തുടര്‍ന്ന് കൂടുതല്‍ ആളുകളിലേക്ക് ചിത്രം എത്തിയില്ലെങ്കിലും ചലച്ചിത്ര മേളകളില്‍ ചിത്രം അംഗീകാരങ്ങള്‍ വാരിക്കൂട്ടി. ടോക്യോ ഫിലിം ഫെസ്റ്റിവല്‍, കുവൈറ്റ് ഫിലിം ഫെസ്റ്റിവല്‍, സിങ്കപ്പൂര്‍ ഫിലം ഫെസ്റ്റിവല്‍, യുഗോസ്ലാവിയ ഫിലിം ഫെസ്റ്റിവല്‍, മുംബൈ ഫിലിം ഫെസ്റ്റിവല്‍, തമിഴ്‌നാട് ഫിലിം ഫസ്റ്റിവല്‍, കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ജയ്‌സാല്‍മീര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഫ്യൂച്ചര്‍ ഓഫ് ഫിലിം അവാര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ മോഷന്‍ പിക്ചര്‍ ഫെസ്റ്റിവല്‍, ഹൊഡു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ചങ്ങായിക്ക് ലഭിച്ചിരുന്നു. ചിത്തിരം ഇന്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്തോ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മോക്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ മേളകളില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചങ്ങായിക്കായിരുന്നു. മദ്രാസ് ഇന്‍ഡിപ്പെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും, മുംബൈ ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും സിനിമ നേടി. പുരസ്‌ക്കാര ലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്രം തമിഴിലേക്ക് മൊഴിമാറ്റം നടത്താനുള്ള നീക്കത്തിലാണ് താനെന്നും സംവിധായകന്‍ സുധേഷ് പറഞ്ഞു.

‘പറവ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ഷാ, ഗോവിന്ദ് പൈ ടീം ആണ് നായകന്മാരാകുന്നത്. പുതുമുഖം ശ്രീലക്ഷ്മിയാണ് നായിക. ജാഫര്‍ ഇടുക്കി, ഭഗത് മാനുവല്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, രാജേന്ദ്രന്‍ തായാട്ട്, മഞ്ജു പത്രോസ്, അനു ജോസഫ്, സുശീല്‍കുമാര്‍ തിരുവങ്ങാട് തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. ‘ആക്ഷന്‍ ഹീറോ ബിജു’വിനു ശേഷം മുഹമ്മദ് ഷെഫീഖ് തിരക്കഥയെഴുതിയ ചിത്രം കൂടിയാണിത്. തലശ്ശേരിയിലും പരിസരങ്ങളിലുമാണ് സിനിമ ചിത്രീകരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *