കോഴിക്കോട്: അധികാരം ഉള്ളംകൈയ്യിലിരുന്നപ്പോഴും നൂറുശതമാനം സത്യസന്ധത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കെ.സാദിരിക്കോയയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റേയും മൊയ്തു മൗലവിയുടെ ദേശീയ രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തിപ്പിച്ച നേതാക്കളില്‍ മലബാറിലെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. കഠിനാധ്വാനവും സ്ഥിരോത്സാഹവും അദ്ദേഹത്തെ ഉന്നതിയിലെത്തിച്ചു. 25 വര്‍ഷക്കാലം ചന്ദ്രിക, മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മാതൃഭൂമിയുടെ സ്റ്റാഫ് റിപ്പോര്‍ട്ടറും ഡെപ്യൂട്ടി ചീഫ് റിപ്പോര്‍ട്ടറുമായിരുന്നു. പത്രപ്രവര്‍ത്തകനെന്ന നിലക്ക് നിര്‍ഭയമായും ചടുലമായും സ്വതന്ത്ര വീക്ഷണം പുലര്‍ത്തി വിട്ടുവീഴ്ചയില്ലാത്ത മതേതരവാദി, തൊഴിലാളികളുടെ പ്രിയ നേതാവ് ഇതെല്ലാമായിരുന്നു സാദിരിക്കോയ.
സാദിരിക്കോയ അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാദിരിക്കോയയുടെ പേരിലുള്ള കര്‍മശ്രേഷ്ഠ പുരസ്‌കാരം മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന് അദ്ദേഹം സമ്മാനിച്ചു. അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം നിയാസ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പ്രശസ്തിപത്രം പാരായണം അഡ്വ. എം.രാജന്‍ നടത്തി. എന്‍. സുബ്രമണ്യന്‍, കെ. രാമചന്ദ്രന്‍, കെ.രാജീവ്, നിസാര്‍ പുനത്തില്‍, കാവില്‍ പി. മാധവന്‍, പി.കെ.സി നിസാര്‍ പ്രസംഗിച്ചു. അനുസ്മരണ സമിതി വൈസ് ചെയര്‍മാന്‍ കെ.എം ഉമ്മര്‍ സ്വാഗതവും കെ.പി.സി.സി മെമ്പര്‍ കെ.വി സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു.