‘ഒപ്പം’- കൂടെയുണ്ട് കരുതലോടെ സംസ്ഥാനതല ക്യാംപയ്‌ന് തുടക്കമായി
കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന പി.എം.എ.വൈ-ലൈഫ്(നഗരം), ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി ഗുണഭോക്താക്കള്‍, നഗരങ്ങളിലെ അതിദരിദ്രര്‍, അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് സംരംഭകത്വത്തിലൂടെയോ വേതനാധിഷ്ഠിത തൊഴിലിലൂടെയോ ഉപജീവന മാര്‍ഗവും സാമ്പത്തിക സുരക്ഷയും ലഭ്യമാക്കുകയാണ് ക്യാംപയിനിന്റെ ലക്ഷ്യം
തിരുവനന്തപുരം: കുടുംബശ്രീയുടെ വിശ്വാസ്യത മൂലധനമാക്കി നൂതനവും വിജ്ഞാനാധിഷ്ഠിതവുമായ സംരംഭ മേഖലകള്‍ കണ്ടെത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന ഡിസംബര്‍ 14 മുതല്‍ 2023 ഫെബ്രുവരി 28 വരെ സംസ്ഥാനത്തെ നഗരസഭാ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന ‘ഒപ്പം’ കൂടെയുണ്ട്, കരുതലോടെ’ സംസ്ഥാനതല ക്യാംപയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുക എന്നതിനപ്പുറം വരുമാന വര്‍ധനവ് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിനായി നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലും സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. അഗതിരഹിത കേരളം, പി.എം.എ.വൈ-ലൈഫ് (നഗരം) പദ്ധതികളിലെ ഗുണഭോക്തൃ കുടുംബങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, നഗരങ്ങളിലെ അതിദരിദ്രര്‍ എന്നിവര്‍ക്ക് സംരംഭകത്വവും തൊഴിലും ലഭ്യമാക്കിക്കൊണ്ട് അവരെ സാമൂഹിക പുരോഗതി കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാംപയിന്റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകം, കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ് എന്നിവയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മേയര്‍മാരായ അഡ്വ. അനില്‍ കുമാര്‍, ഡോ.ബീന ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായി. ‘കുടുംബശ്രീ ഒരു നേര്‍ ചിത്രം’ ഫോട്ടോഗ്രാഫി അഞ്ചാം സീസണ്‍, വായന പക്ഷാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ രചനാ മത്സരം, ‘ഖുഷിയോം കാ ആഷിയാന്‍’ ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയതല ഹ്രസ്വചിത്ര നിര്‍മാണം, കിബ്‌സ് ലോഗോ ഡിസൈനിങ് മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം മേയര്‍മാരായ ആര്യാ രാജേന്ദ്രന്‍, അഡ്വ. അനില്‍ കുമാര്‍, ഡോ.ബീന ഫിലിപ്പ്, ഡോ.ഷര്‍മിള മേരി ജോസഫ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍മാരായ എം.കൃഷ്ണ ദാസ്, എം.ഒ ജോണ്‍, തിരുവനന്തപുരം നഗരസഭാ സി.ഡി.എസ് ഒന്ന് അധ്യക്ഷ സിന്ധു ശശി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ ജഹാംഗീര്‍ .എസ് പദ്ധതി വിശദീകരണം നടത്തി.