- നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്ന് പെന്റഗണ്‍ വാര്‍ത്തകാര്യ സെക്രട്ടറി പാറ്റ് റൈഡര്‍. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡര്‍ വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രതികരിച്ച് അമേരിക്ക. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഇന്തോ പസഫിക് മേഖലയിലെ യു.എസ് സഖ്യ കക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ചൈനയുടെ പ്രകോപനം വര്‍ധിച്ചുവരികയാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും സൈനിക നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റേതായി പ്രചരിക്കുന്ന വിഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിനിടെ ചൈന അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം കൂട്ടാന്‍ നിര്‍ദേശം. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം. അരുണാചല്‍ മേഖലയിലും ദെപ്‌സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തല്‍.
ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ അതീവജാഗ്രത തുടരുകയാണ്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലയില്‍ ഈയാഴ്ച വ്യോമസേന സൈനിക പരിശീലനം നടത്തും. അതിനിടെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്ന ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് 5 മടങ്ങി. കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കുള്ള നിര്‍ദേശം ഇന്ത്യ വീണ്ടും മുന്നോട്ട് വച്ചിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ എവിടെ വേണമെങ്കിലും ചൈന ഇനിയും പ്രകോപനം സൃഷ്ടിച്ചേക്കാമെന്നാണ് നയതന്ത്ര വിലയിരുത്തല്‍. സിക്കിം മുതല്‍ അരുണാചല്‍പ്രദേശ് വരെ നീളുന്ന കിഴക്കന്‍ മേഖലയില്‍ ഈയാഴ്ച തന്നെ വ്യോമസേന സൈനിക പരിശീലനം നടത്തും. മുന്‍കൂട്ടി പ്രഖ്യാപിച്ചതെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിന്‍ വന്‍ പരിശീലനമാവും ഇത്.
കൂടാതെ വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നീക്കം ഉണ്ട്. വിഷയത്തില്‍ സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ഉണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് യോഗം വിളിച്ചത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം.