അര്‍ജന്റായി ഫൈനലിലേക്ക്

അര്‍ജന്റായി ഫൈനലിലേക്ക്

ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലില്‍

ദോഹ: കണക്കുകള്‍, അത് വീട്ടാനുള്ളതാണ്. ക്രൊയേഷ്യ- അര്‍ജന്റീന സെമിഫൈനല്‍ മത്സര ഫലം കൊണ്ടുപോകുന്നത് കഴിഞ്ഞ ലോകകപ്പ് ഓര്‍മകളിലേക്കാണ്. ഗ്രൂപ്പ്ഘട്ടത്തില്‍ അര്‍ജന്റീനയെ 3-0ന് പരാജയപ്പെടുത്തിയ ക്രൊയേഷ്യ അത്തവണ ഫൈനല്‍ വരെയെത്തി. ഇന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ മിശിഹാ വീണ്ടും നിറഞ്ഞാടിയപ്പോള്‍ ക്രൊയേഷ്യയെ 3-0ന് എന്ന അതേ സ്‌കോറിന് മറികടന്ന് ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ് അര്‍ജന്റീന. കിട്ടിയതെല്ലാം കൊടുത്തു തീര്‍ത്തു. ക്രൊയേഷ്യന്‍ പ്രതിരോധ നിരയേയും ലിവാകോവിച്ച് എന്ന ഗോള്‍ കീപ്പറേയും നിഷ്പ്രഭരാക്കികൊണ്ടാണ് അര്‍ജന്റീന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. മെസ്സിക്കും ടീമിനും ഇനി കിരീടത്തിലേക്കുള്ള ദൂരം ഒരു മത്സരം മാത്രം. ജൂലിയന്‍ ആല്‍വാരസ് രണ്ടും ഗോളും മെസി ഒരു ഗോളും നേടി. എത്ര വര്‍ണിച്ചാലും മതിയാകില്ല 35കാരനായ മെസിയുടെ പ്രകടനത്തെ. പ്രായത്തെ വെറും അക്കമാക്കിക്കൊണ്ട് മുന്നില്‍ നിന്ന് നയിക്കുകയാണ് ആ മനുഷ്യന്‍.

ഗോളവസരങ്ങള്‍ സൃഷ്ടിക്കുക, ഗോളടിക്കുക, ഗോളടിപ്പിക്കുക. ഗ്രെയ്റ്റസ്റ്റ് ഓഫ് ദ ഓള്‍ ടൈമിന് മറ്റൊരു പര്യായം വേറയില്ല. ഒറ്റ മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ കൂടിയാണ് മെസി തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തത്. കളിയുടെ ആദ്യ 30 മിനിട്ടില്‍ മെസിയേ കാണാനേയുണ്ടായിരുന്നില്ല. വളരെ പതിയെയാണ് ആര്‍ജന്റീന തുടങ്ങിയത്. ബോള്‍ പൊസിഷനിലും പാസുകളിലുമെല്ലാം മുന്നിട്ടു നിന്നത് ക്രൊയേഷ്യ തന്നെയായിരുന്നു. മെസി ക്രൊയേഷ്യന്‍ പ്രതിരോധത്തിന് മുന്നില്‍ കുടുങ്ങിയെന്ന് ആരാധകര്‍ നിനച്ചിരിക്കുമ്പോഴാണ് 34ാം മിനിട്ടില്‍ അര്‍ജന്റീനയക്ക് അനുകൂലമായ പെനാല്‍ട്ടി റഫറി വിധിക്കുന്നത്. അവിടുന്നങ്ങോട്ട് ടോപ്ഗിയറിലായി മെസിപ്പട. 34-ാം മിനിട്ടില്‍ ഗോളിന് മീറ്ററുകള്‍ മാത്രം അകലെ വരെയെത്തിയ ആല്‍വാരസിനെ ഗോളി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത മെസിയുടെ ഇടംകാലന്‍ ഷോട്ട് ഗോളിക്ക് ഒരവസരവും നല്‍കാതെ വലയിലേക്ക് തുളഞ്ഞുകയറി. 39-ാം മിനിട്ടില്‍ കൗണ്ടര്‍ അറ്റാക്കിലെ വണ്ടര്‍ സോളോ റണ്ണില്‍ ആല്‍വാരസ് അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി. മധ്യവരയ്ക്ക് ഇപ്പുറത്ത് നിന്ന് മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് ലക്ഷ്യം കണ്ടു.

69-ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ വെട്ടിലാക്കി മെസിയുടെ ഗംഭീര ഡ്രിബിളങ്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാരെ വട്ടംകറക്കി ബോക്‌സിനുള്ളിലേക്ക് കയറി ആല്‍വാരസിന് മെസി പാസ് നല്‍കുകയായിരുന്നു. ആല്‍വാരസ് സുന്ദര ഫിനിഷിലൂടെ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. ലുസൈല്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ കഴിഞ്ഞ ദിവസം നിരവധി റെക്കോര്‍ഡുകളാണ് മെസി എഴുതിച്ചേര്‍ത്തത്. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളെന്ന ലോതര്‍ മത്തേയൂസിന്റെ പേരിലുണ്ടായിരുന്ന തിളക്കം ഇനി മെസിക്കും സ്വന്തം. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ചെന്ന മെക്സിക്കന്‍ താരം റാഫേല്‍ മാര്‍ക്കേസ്വിന്റെ റെക്കോര്‍ഡും പഴങ്കഥയാക്കി. ലോകകപ്പില്‍ അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ ഇനി മെസിയാണ്.

പതിനൊന്നാം ഗോളോടെ പിന്നിലാക്കിയത് അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ. ഖത്തര്‍ ലോകകപ്പിലെ ഗോളെണ്ണം അഞ്ചാക്കിയതോടെ ഒറ്റ ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി ഈ മുപ്പത്തിയഞ്ചുകാരന്‍.മറഡോണയുടെ 8 അസിസ്റ്റുകളെന്ന റെക്കോര്‍ഡിനും ഒപ്പമെത്തി മെസി. 1966ന് ശേഷം ഒരു ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി മെസിക്ക് സ്വന്തം. അതേ സമയം ജൂലിയന്‍ ആല്‍വാരസും തിളക്കമാര്‍ന്ന ഒരു റെക്കോര്‍ഡ് കഴിഞ്ഞ ദിവസം സ്വന്തമാക്കി. ഇതിഹാസ താരം പെലെയ്ക്ക് ശേഷം ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരട്ട ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ജൂലിയന്‍ ആല്‍വാരസ്. 2014ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരികെ പിടിക്കാനുള്ള സുവര്‍ണാവസരമാണ് മെസിപ്പടക്ക് ഇക്കുറി. ഇനി അറിയേണ്ടത് ഫൈനലിലെ എതിരാളികള്‍ ആരാണെന്നാണ്. അത് മൊറോക്കോയായാലും ഫ്രാന്‍സായാലും രാജാവിന് അവിസ്മരണീയമായ വിടവാങ്ങാല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് അര്‍ജന്റീനന്‍ ടീം.

Share

Leave a Reply

Your email address will not be published. Required fields are marked *