തിരുവനന്തപുരം: അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയതിന് ആഭ്യന്തര വകുപ്പ് ഡി.ജി.പി അനില്‍ കാന്തിനെ താക്കീത് ചെയ്തു. സര്‍ക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡി.ജി.പിയെ വിമര്‍ശിച്ചത്. നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമര്‍ശിച്ചു.പോലിസ് അക്കാദമിയുടെ മതില്‍ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനാണ് വിമര്‍ശനം. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാന പോലീസ് അക്കാദമിയിലെ പച്ചക്കറിത്തോട്ടത്തിന്റെ മതിലിന്റെ ഉയരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 24 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നാലുലക്ഷം രൂപ ബാക്കിയുണ്ടായിരുന്നു. ആ തുക ഉപയോഗിച്ച് പോലിസ് അക്കാദമിയില്‍ ആംഫിതിയേറ്റര്‍ നിര്‍മിക്കാന്‍ സംസ്ഥാന പോലിസ് മേധാവി സ്വമേധയാ അനുമതി നല്‍കി. മെസ് ഹാള്‍ നവീകരണത്തിനായി നേരത്തെ അനുവദിച്ച തുകയില്‍ നിന്ന് ശേഷിക്കുന്ന നാല് ലക്ഷം രൂപയും ഈ പദ്ധതിക്കായി നല്‍കി. ഈ നിര്‍മാണത്തിന് ശേഷം ബാക്കിയായ ഒരു ലക്ഷം രൂപ പോലിസ് അക്കാദമിയില്‍ തന്നെ വാഹന ഷെഡ് നവീകരണത്തിന് ഉപയോഗിക്കാനും പോലിസ് മേധാവി അനുമതി നല്‍കി. ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ല.
പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടി പോലിസ് മേധാവി സര്‍ക്കാരിന് കത്ത് നല്‍കി. ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടി കത്തിലാണ് പോലിസ് മേധാവിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇത്തരത്തില്‍ നിരവധി നിയമലംഘനങ്ങള്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.