വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പാല്‍വിപ്ലവം നടക്കും: മന്ത്രി ജെ. ചിഞ്ചുറാണി

വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പാല്‍വിപ്ലവം നടക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും വര്‍ഷങ്ങളില്‍ പാല്‍ വിപ്ലവം ഉറപ്പാക്കിക്കൊണ്ട് കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ലിംഗനിര്‍ണയം നടത്തിയ ബീജാമാത്രകള്‍ ഇനി മുതല്‍ എല്ലാ കര്‍ഷകര്‍ക്കും ലഭിക്കും. കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച വിത്ത് കാളകളുടെ ഗുണനിലവാരം ഉറപ്പാക്കി ഉന്നത ഗുണനിലവാരവും ഉയര്‍ന്ന പാലുല്‍പ്പാദനവും ലക്ഷ്യമിട്ട് ലിംഗനിര്‍ണയം നടത്തിയ ബീജാമാത്രകളുടെ സംസ്ഥാന തല വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (KLDB) ആഭിമുഖ്യത്തില്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന സെക്‌സ് സോര്‍ട്ടഡ് ബുള്‍ സെമണ്‍ (ലിംഗനിര്‍ണയം നടത്തിയ ബീജാമാത്രകള്‍) വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ജെ.ചിഞ്ചുറാണി. ആറ് പതിറ്റാണ്ടിനിപ്പുറം നടപ്പാക്കുന്ന സ്വപ്‌നപദ്ധതിയുടെ ക്രയോ ക്യാന്‍ കൃത്രിമ ബീജാധാന കിറ്റ് എന്നിവ തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ടി. ബീന ബീവിക്ക് മന്ത്രി കൈമാറി.
കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണമേന്‍മയുള്ള 90 ശതമാനവും പശുക്കുട്ടികളെ ഉറപ്പുനല്‍കുന്ന പദ്ധതിയാണ് ലിംഗനിര്‍ണയം നടത്തിയ ബീജാമാത്രകള്‍ പദ്ധതി. സംസ്ഥാനത്തെ പശുക്കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ലിംഗനിര്‍ണയം നടത്തിയ ബീജാമാത്രകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കെ.എല്‍.ഡി.ബി ലക്ഷ്യമിടുന്നത്. ഈ പദ്ധതി 500 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. രണ്ട് പ്രാവശ്യവും പശുക്കള്‍ക്ക് ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ 500 രൂപ തിരികെ നല്‍കും. അതേ സമയം, ഗര്‍ഭധാരണത്തിലൂടെ കാളക്കുട്ടിയാണ് ഉണ്ടാകുന്നതെങ്കില്‍ 250 രൂപയും തിരികെ നല്‍കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

തിരുവനന്തപുരത്ത് നടന്ന പരിപാടിയോടനുബന്ധിച്ച് സന്തതി പരിശോധന സോഫ്റ്റ്‌വെയര്‍ ആയ ADAP (APPLICATION FOR DATA ANALYSIS OF PROGENY TESTING)ന്റെ സമാരംഭവും നടന്നു. വിത്തുകാളകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനത്തിലൂടെ ഉല്‍പ്പാദിപ്പിച്ച പശുക്കിടാങ്ങളുടെ ജനിതക ഗുണം ഉല്‍പ്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് മേന്‍മ നിര്‍ണയിക്കുന്ന രീതിയാണ് സന്തതി പരിശോധനാ പ്രക്രിയ. ചടങ്ങില്‍ ഈ വര്‍ഷത്തെ ഗോപാല്‍രത്‌ന പുരസ്‌ക്കാര ജേതാക്കളായ മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തെയും മന്ത്രി ജെ.ചിഞ്ചുറാണി ആദരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മൃഗസംരക്ഷണ മേഖലയില്‍ കെ.എല്‍.ഡി.ബി നടപ്പിലാക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് ഡോ.അവിനാശ്, ഡോ.കിരണ്‍ദാസ് എന്നിവര്‍ ക്ലാസുകളെടുത്തു. ഇത് 82 വര്‍ഷത്തിന് ശേഷം സംഭവിച്ച ചരിത്ര നിമിഷം ആണെന്ന് പദ്ധതി വിശദീകരിച്ചു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍ ഐ.എ.എസ് പറഞ്ഞു.

അഡ്വ.വി.കെ പ്രശാന്ത് അധ്യക്ഷനായ പരിപാടിയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ കെ.എല്‍.ഡി.ബി മാനേജിങ് ഡയറക്ടര്‍ ഡോ.ആര്‍ രാജീവ്, മില്‍മ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ.യൂസഫ് ഐ.എ.എസ്, എന്‍.ഭാംസുരാംഗന്‍, എം.ടി ജയന്‍, കെ.ശശികുമാര്‍, ബി.ശ്രീകുമാര്‍, ടി.രാധാകൃണന്‍, പ്ലാനിങ് ബോര്‍ഡ് അഗ്രി ചീഫ് ഡോ.എസ്.എസ് നാഗേഷ്, ഡോ.സജീവ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *