മലപ്പുറം: റെസിഡന്‍ഷ്യല്‍ സ്‌കൂള്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കോട്ടക്കല്‍ സൈത്തൂന്‍ ഇന്റര്‍നാഷണല്‍ ഗേള്‍സ് ക്യാംപസില്‍ വെച്ച് നടന്ന ഇന്റര്‍ സ്‌കൂള്‍ കലോത്സവം ആര്‍ട്ടിനസ്-22′ സമാപിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത കലോത്സവം മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ദിനങ്ങളിലായി രണ്ട് കാറ്റഗറികളില്‍ നടന്ന കലോത്സവത്തില്‍ 490 പോയിന്റ് നേടി കോഴിക്കോട് താമരശ്ശേരി കാലിഫ് ലൈഫ് സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്മാരായി. 452 പോയിന്റുകളോടെ മലപ്പുറം കോട്ടക്കല്‍ സൈത്തൂന്‍ ഇന്റര്‍നാഷണല്‍ ക്യാംപസ് രണ്ടാം സ്ഥാനവും 365 പോയിന്റ് നേടി കോഴിക്കോട് എയ്‌സ് ഗ്രീന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയര്‍ ഗേള്‍സ് കാറ്റഗറിയില്‍ സൈത്തൂന്‍ ഇന്റര്‍നാഷണല്‍ ഗേള്‍സ് ക്യാംപസ് ഒന്നും കാലിഫ് ലൈഫ് സ്‌കൂള്‍ രണ്ടും ശാസിയ ഇന്റര്‍നാഷണല്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ സീനിയര്‍ ബോയ്‌സ് കാറ്റഗറിയില്‍ കാലിഫ് ലൈഫ് സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി. സൈത്തൂന്‍ ഇന്റര്‍നാഷണല്‍ ക്യാംപസ് രണ്ടാം സ്ഥാനവും എയ്‌സ് ഗ്രീന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റുകള്‍ നേടിയ എയ്‌സ് ഗ്രീന്‍ സ്‌കൂളിലെ ഫാത്തിമ ഫിദയെയും ബിശുറുല്‍ വഫയെയും ഫെസ്റ്റിലെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍.എസ്.എ.ഐ പ്രസിഡന്റ് ഡോ. മുഈന്‍ ഹുദവി, ജനറല്‍ സെക്രട്ടറി അംജദ് വഫ, ട്രഷറര്‍ യൂസഫ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ റാഷിദ് സഖാഫി, അമീര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.