ചൊക്ലി: ചെറുത്തുനില്‍പ്പിന്റെ പാതയില്‍ ആര്‍.എസ്.എസ്സുക്കാര്‍ അരുംകൊല ചെയ്ത നാടിന്റെ കരുത്തും ആവേശവുമായി മാമന്‍ വാസുവിന്റെയും ചൊക്ലിയുടെ ചരിത്രം തിരുത്തികുറിച്ച സൗമ്യനായ വിപ്ലവകാരി കെ.വി ദാമോദരന്റെയും ഒന്‍പത് ദിവസം നീണ്ടുനിന്ന ദിനാചരണ പരിപാടികള്‍ക്ക് സമാപനമായി. ഡിസംബര്‍ നാലിന് നിടുമ്പ്രമുള്ള കെ.വി ദാമോദരന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായത്. മാമന്‍ വാസു രക്തസാക്ഷി ദിനമായ തിങ്കളാഴ്ച രാവിലെ ചൊക്ലി രജിസ്ട്രാര്‍ ഓഫിസ്, മിന്നത്ത് പീടിക, കാഞ്ഞിരത്തിന്‍ കീഴില്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച പ്രകടനം ചൊക്ലിയില്‍ സമാപിച്ചു.
കവിയൂര്‍ റോഡിലുള്ള സ്മൃതി മണ്ഡപത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.കെ പവിത്രന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുഷ്പാര്‍ച്ചനയില്‍ ഏരിയ, ലോക്കല്‍ നേതാക്കള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. വൈകിട്ട് മേനപ്രം അമ്പലം എം.എം ചന്ദ്രന്‍ സ്മാരക കേന്ദ്ര പരിസരത്ത് നിന്നുമാരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെ ബഹുജന പ്രകടനം നടന്നു. അനുസ്മരണ പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളെ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ: പി. രാഹുല്‍ രാജ് പരിഭാഷപ്പെടുത്തി. വിപ്ലവത്തിന്റെ പടപ്പാട്ടുക്കാരി പുന്നപ്ര വയലാര്‍ സമര പോരാളി പി.കെ മേദിനിയെ ചടങ്ങില്‍വച്ചു ആദരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കാരായി രാജന്‍, പി. ഹരീന്ദ്രന്‍, പാനൂര്‍ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, ഏരിയ കമ്മിറ്റിയംഗം വി.കെ രാകേഷ്, ചൊക്ലി സൗത്ത്, മേനപ്രം ലോക്കല്‍ സെക്രട്ടറിമാരായ കെ.ടി.കെ പ്രദീപന്‍, വി. ഉദയന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി.കെ മോഹനന്‍ സ്വാഗതം പറഞ്ഞു. പി.കെ മേദിനി, പ്രസീത ചാലക്കുടി, അലോഷി എന്നിവര്‍ അവതരിപ്പിച്ച വിപ്ലവ സംഗീത സന്ധ്യയും അഘോര ട്രൈബല്‍ മ്യൂസിക്ക് ബാന്‍ഡിന്റെ സംഗീതരാവും അരങ്ങേറി.