കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയിലുള്ള അഞ്ച് വയസുകാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നേരത്തെ സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കര്‍ണാടകയിലെ ആദ്യത്തെ കേസാണിത്. പുണെയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ അഞ്ചിന് ശേഖരിച്ച മൂന്ന് പേരുടെ സാംപിളുകളില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.സുധാകര്‍ അറിയിച്ചു.

കൊതുകുകളിലൂടെ പകരുന്ന ഫല്‍വിവൈറസാണ് സിക വൈറസ്. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സിക വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് മുതല്‍ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയുള്ളു.

കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാംപിളുകളും സെറം സാംപിളുകളും പരിശോധനയ്ക്ക് അയച്ചെന്നും മറ്റാര്‍ക്കും സിക സ്ഥിരീകരിച്ചിട്ടില്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. പനി ബാധിച്ച കുട്ടിയുടെ സെറം ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും വേണ്ടിയാണ് ആദ്യം പരിശോധിച്ചത്. ഇവ കണ്ടെത്താത്തതിനെ തുടര്‍ന്ന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും സുധാകര്‍ പറഞ്ഞു. ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *