എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍; ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം

എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍; ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കണമെന്ന ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം. നിലവിലെ ബില്ലില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ നിര്‍ദേശം. വി.സി ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വകലാശാല വി.സിമാര്‍ക്ക് നല്‍കും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. എന്നാല്‍, ഈ നിര്‍ദേശം യു.ജി.സി മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ അഭിപ്രായം.

എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ വേണമെന്നാണ് പ്രതിപക്ഷ നിലപാട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിര്‍ദേശിക്കും. ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനും പ്രതിപക്ഷത്ത് ധാരണയായി.

അതേസമയം ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നത്. ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ല. നേരത്തെ സമാനവ്യവസ്ഥകളോടെ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരേ നിയമ-രാഷ്ട്രീയ പോരാട്ടം ശക്തമാക്കാനാകും സര്‍ക്കാര്‍ നീക്കം.

Share

Leave a Reply

Your email address will not be published. Required fields are marked *