മാഹി: പള്ളൂരിലെ ഇലക്ട്രോണിക്‌സ് ഷോപ്പുകളില്‍ ഷട്ടര്‍ തകര്‍ത്ത് കളവു നടത്തിയ മുഖ്യ സൂത്രധാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് ഷെഫീക്കിനെ പള്ളൂര്‍ എസ്.ഐ കെ.സി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെ സുന്ദര്‍ നഗറില്‍ വച്ച് അറസ്റ്റ് ചെയ്തു. പള്ളൂര്‍ ഇരട്ടപ്പിലാക്കൂലിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയായ ഇബ പ്ലാനറ്റ്, മൊബൈല്‍ ഹബ് എന്നി ഷോപ്പുകളില്‍ നിന്നും മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്‍. മറ്റ് പ്രതികളായ ആസാം സ്വദേശീ വാസീര്‍ഖാന്‍, ബീഹാര്‍ മോത്തിഹാരി സ്വദേശികളായ രാഹുല്‍ ജൈസ്വാള്‍, മുസ്‌ലിം ആലം തുടങ്ങിയവരെ മുന്‍പ് ഡല്‍ഹിയില്‍ വെച്ച് മാഹി എസ്.ഐ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യ പ്രതിയായ മുഹമ്മദ് ഷെഫീക്ക് നേപ്പാളിലേക്ക് കടന്നുകളയുകയായിരുന്നു. ഇപ്പോള്‍ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശിയായ മുഹമ്മദ് ഷെഫീക്കിനെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും മറ്റും നീരീക്ഷണ വിധേയമാക്കി മാസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് ഡല്‍ഹിയില്‍ നിന്നും കടക്കാന്‍ ശ്രമിച്ച പ്രതിയെ അന്വേഷണസംഘം വലയിലാക്കിയത്.
അന്വേഷണ സംഘത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പി.വി പ്രസാദ്, ഹെഡ് കോണ്‍സ്റ്റബിള്‍ സുരേന്ദ്രന്‍ ചടയന്‍, കോണ്‍സ്റ്റബിള്‍മാരായ സി.പി ശ്രീജേഷ്, രോഷിത്ത് പാറമേല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ അഗംങ്ങളായ എ.എസ്.ഐ രഞ്ജിത്ത്, ഹെഡ് കോണ്‍സ്റ്റബിള്‍ സുജേഷ് പുതിയേടത്ത് തുടങ്ങിയവര്‍ വേണ്ട സഹായങ്ങള്‍ നല്‍കി.
പുതുച്ചേരി എസ്.എസ്.പി (ലോ & ഓര്‍ഡര്‍) മാഹി പോലിസ് സൂപ്രണ്ട് രാജ ശങ്കര്‍ വെള്ളാട്ടിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ശേഖര്‍ നേതൃത്വം നല്‍കി. ജൂണ്‍ രണ്ടാം തീയതി രാത്രിയാണ് സംഭവം നടന്നത്.
കടയുടെ ഷട്ടറുകളില്‍ വിടവുണ്ടാക്കിയായിരുന്നു പ്രതികള്‍ മോഷണം നടത്തിയത്. മോഷണസംഘം കുറ്റ്യാടിയിലെ കൂലിപ്പണിക്കാര്‍ എന്ന വ്യാജേന കുറച്ചുദിവസം അവിടെ താമസിക്കുകയും അവിടെനിന്ന് കവര്‍ച്ചാ പദ്ധതി തയ്യാറാക്കുകയുമായിരുന്നു. മുഹമ്മദ് ഷെഫീഖ്, മുന്‍പ് സമാനമായ കേസുകളില്‍ പ്രതിയാണ്. രാജസ്ഥാന്‍, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാന പോലിസിന്റെ പിടികിട്ടാപുള്ളിയാണ്. ഇയാളുടെ പേരില്‍ നിലവില്‍ നിരവധി കേസുകള്‍ ഉണ്ട്. പ്രതിയെ മാഹി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ മാഹി സബ് ജയിലില്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.