ജപ്പാൻ ജ്വരം ജാഗ്രത വേണം

കോഴിക്കോട്:ജപ്പാൻ ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ക്യൂലക്‌സ് വിഷ്ണുവായി വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് ജപ്പാൻ ജ്വരം പരത്തുന്നത്. പന്നികൾ, ദേശാടന പക്ഷികൾ എന്നിവയുടെ രക്തം കുടിക്കുന്ന ഇത്തരം കൊതുകുകൾ യാദൃച്ഛികമായി മനുഷ്യരെ കടിക്കുമ്പോഴാണ് മനുഷ്യരിൽ ജപ്പാൻ ജ്വരം ഉണ്ടാകുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ജപ്പാൻ ജ്വരം പകരില്ല.

രോഗ വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുകയും കൊതുകുകടി ഏൽക്കാതിരിക്കാനായി കൊതുകുവലകൾ, ലേപനങ്ങൾ, കൊതുകുതിരികൾ, ശരീരം മൂടുന്ന നീളൻ വസ്ത്രങ്ങൾ എന്നിവയും ഉപയോഗിക്കുക.
പനിയും തലവേദനയുമാണ് ജപ്പാൻ ജ്വരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ധി, വിറയൽ എന്നിവയും ഉണ്ടാകും.രോഗ തീവ്രതക്കനുസരിച്ച് ശക്തമായ തലവേദന, തളർച്ച, അപസ്മാരം, ബോധക്ഷയം, കൈകാൽ തളർച്ച, കീഴ്താടിയിൽ മരവിപ്പ്, കാഴ്ച മങ്ങൽ എന്നിവയും പ്രകടമാകും.

രോഗം മൂർച്ഛിച്ചാൽ മരണസാധ്യത കൂടുതലുള്ള രോഗമായതിനാൽ ലക്ഷണങ്ങൾ ശ്രദ്ധിച്ച് ഉടൻ ചികിത്സ തേടണം. ഗുരുതരാവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നവരിൽ മാനസിക – വൈകാരിക അസ്വാസ്ഥ്യങ്ങൾ, വ്യക്തിത്വ സ്വഭാവ മാറ്റങ്ങൾ, പക്ഷാഘാതം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *