കോഴിക്കോട്: അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് എം.എസ്.എം സംസ്ഥാന സമിതി ക്യാമ്പസ് വിദ്യാർഥികൾക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട് സി.ഐ.ജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പദ്യം ചൊല്ലൽ മത്സരം, കാലിഗ്രാഫി മത്സരം, അറബി ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
അറബിക് ക്വിസ് മത്സരത്തിൽ പി വി മുഹമ്മദ് ബിലാൽ, ഷിനാദ് ഇബ്രാഹിം (കണ്ണൂർ യൂണിവേഴ്സിറ്റി) ടീം ഒന്നാം സ്ഥാനവും, നദ ഷെറിൻ, ഷാദിയ അശ്റഫ് (അൻവാറുൽ ഇസ്ലാം വനിതാ അറബിക് കോളേജ് മോങ്ങം) ടീം രണ്ടാം സ്ഥാനവും നേടി. കാലിഗ്രാഫി മത്സരത്തിൽ മന്ന കെ (ലിസ കോളേജ്) ഒന്നാം സ്ഥാനവും, അബ്ദുൽ ഫത്താഹ് മുഹമ്മദ് (ജെഡിറ്റി ഇസ്ലാം പോളിടെക്നിക് കോളേജ്) രണ്ടാം സ്ഥാനവും നേടി, പദ്യം ചൊല്ലൽ മത്സരത്തിൽ സനാ ഫാത്തിമ (റൗളത്തുൽ ഉലൂം അറബിക് കോളേജ് ഫറോക്) ഒന്നാം സ്ഥാനവും, ഫസ്ന വിപി (ഗവ. ടിടിഐ മലപ്പുറം) രണ്ടാം സ്ഥാനവും നേടി
വിജയികൾക്ക് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ കെ.പി. സകരിയ്യ, ഡോ.ജാബിർ അമാനി, എം.ജി.എം സംസ്ഥാന സെക്രട്ടറി ആയിശ ടീച്ചർ, നസീർ ചെറുവാടി, ഡോ. ഉമൈർഖാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ.ഉസാമ, ജുനൈസ് ഫാറൂഖി മുണ്ടേരി ക്വിസ് മത്സരത്തിന് വിധികർത്താക്കളായിരുന്നു. എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ്, വൈസ് പ്രസിഡന്റ് നുഫൈൽ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ഫഹീം പുളിക്കൽ, ഷഫീഖ് എടത്തനാട്ടുകര, അൻഷിദ് നരിക്കുനി, ഷഹീം പാറന്നൂർ, സാജിദ് കോട്ടയം, ബാദുഷാ ഫൈസൽ എന്നിവർ സംബന്ധിച്ചു.