ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിംഗ് സുഖുവിനെ തെരഞ്ഞെടുത്തു. ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരുമാനിച്ചു. മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള അധികാരം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുഖ് വീന്ദര്‍ സിംഗ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാന്‍ ഹൈക്കമാന്‍ഡ് തിരുമാനിച്ചത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കുമെന്നാണ് വിവരം
നാല്‍പ്പതംഗ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സുഖ് വീന്ദര്‍ സിംഗ് സുഖുവിനെ പിന്തുണച്ചപ്പോള്‍ പതിനാല് എം.എല്‍.എമാര്‍ പി.സി.സി അധ്യക്ഷ പ്രതിഭാ സിംഗിനൊപ്പമായിരുന്നു. പ്രതിഭാ സിംഗിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. ആറ് തവണ ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിംഗിന്റെ ഭാര്യയാണ് പ്രതിഭാ സിംഗ്. ഹിമാചല്‍ പ്രദേശിലെ 33 ശതമാനം വരുന്ന പ്രബലമായ രാജ്പുത് സമുദായംഗമാണ് സുഖ്‌വീന്ദര്‍ സിംഗ് സുഖു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരാകണം മുഖ്യമന്ത്രിയെന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം ആരംഭിച്ചത്. സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. എം.എല്‍.എമാരില്‍ ഭൂരിപക്ഷവും സുഖ് വീന്ദര്‍ സിംഗിന് ഒപ്പമാണെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് സുഖ് വീന്ദറിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. സ്വദേശമായ ഹമിര്‍പുര്‍ ജില്ലയിലെ നദൗന്‍ മണ്ഡലത്തില്‍ നിന്നും നാലാം തവണയും വിജയിച്ചുവന്ന നേതാവാണ് സുഖ് വീന്ദര്‍. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി തലവനായിരുന്നു അദ്ദേഹം.