മെസിപ്പട സെമിയില്‍

മെസിപ്പട സെമിയില്‍

ക്വാര്‍ട്ടറില്‍  പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലാന്‍ഡ്‌സിനെ 4-3ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ദോഹ: ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി. ആ തോല്‍വിയോടെ ഗ്രൂപ്പ് ഘട്ടം പോലും കടക്കില്ലെന്ന് എഴുതി തള്ളിയവര്‍ക്ക് മുന്നിലൂടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മെസ്സിപ്പട സെമയില്‍ പ്രവേശിച്ചു. ഈ വിജയത്തിന് അവര്‍ കടപ്പെട്ടിരിക്കുന്നത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ തകര്‍പ്പന്‍ രണ്ടു സേവുകള്‍ക്കാണ്. തീര്‍ത്തും പരുക്കന്‍ കളിയാണ് ഇരു ടീമുകളും കാഴ്ചവച്ചത്. മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മാറ്റിയൂ ലോഹസ് 19 മഞ്ഞക്കാര്‍ഡുകളാണ് കളിക്കളത്തില്‍ പുറത്തെടുത്തത്. സാക്ഷാല്‍ ലയണല്‍ മെസിക്കും അര്‍ജന്റീനയുടെ കോച്ച് സ്‌കലോണിക്കും വരെ കാര്‍ഡ് കിട്ടി.

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്കോയും അടങ്ങുന്ന നെതര്‍ലാന്‍ഡ്സ് മുന്‍നിര ഇടയ്ക്കിടയ്ക്ക് അര്‍ജന്റീനന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു.എന്നാല്‍ മിശിഹാ വീണ്ടും ആവതരിച്ചു. 35ാം മിനിട്ടില്‍ നെതര്‍ലാന്‍ഡ് പ്രതിരോധത്തെ കബളിപ്പിച്ച മെസിയുടെ ഗംഭീര അസിസ്റ്റില്‍ മൊളീനയുടെ ഗംഭീര ഫിനിഷിങ്. ആദ്യ പകുതിയില്‍ അര്‍ജന്റീന 1-0ന് മുന്നിട്ട് നിന്നും. രണ്ടാം പകുതിയിലും അര്‍ജന്റീനയുടെ ഒരുപാട് മുന്നേറ്റങ്ങളുണ്ടായി. 72ാം മിനിട്ടില്‍ അക്യൂനയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി ഡച്ച് ഗോളി ആന്ദ്രേസ് നോപ്പെര്‍ട്ടിനെ കാഴ്ചക്കാരനാക്കി മെസി വലയിലെത്തിച്ചപ്പോള്‍ അത് തന്റെ വിമര്‍കരോടുള്ള മറുപടി കൂടിയായിരുന്നു മെസിക്ക്. രണ്ട് ഗോളുകള്‍ക്ക് അനായസകരമായി ജയിച്ചു കയറാമെന്ന രീതിയിലായിരുന്നു പിന്നീടങ്ങോട് അര്‍ജന്റീനയുടെ കളി. എന്നാല്‍ അത്ര പെട്ടന്നങ്ങ് വിട്ടുകൊടുക്കാന്‍ നെതര്‍ലാന്‍ഡ്‌സിനും കഴിയുമായിരുന്നില്ല. 83ാം മിനിട്ടില്‍ നെതര്‍ലാന്‍ഡ്‌സിന്റെ ആദ്യ മറുപടിയെത്തി. വൗട്ട് വേഹാര്‍ട്‌സിലൂടെ ഡച്ച്പട ആദ്യഗോള്‍ മടക്കി. നിശ്ചിത സമയത്തിന് ശേഷം 10 മിനിട്ടാണ് ഇക്കുറി ഇന്‍ജുറി ടൈം അനുവദിച്ചത്. ആ 10 മനിട്ടിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ അര്‍ജന്റീനക്കായില്ല. കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ബോക്‌സിന് മുമ്പില്‍ നിന്ന ലഭിച്ച ഫ്രീക്കിക്കിലൂടെ വളരെ തന്ത്രപരമായി അര്‍ജന്റീനന്‍ താരങ്ങളെ കബളിപ്പിച്ച് നിലംപറ്റെ കിക്കെടുത്ത കോപ്‌മെനാഷ് പന്ത് വൗട്ടിന്റെ കാലുകളിലേക്കെത്തിച്ചു. വൗട്ടിന്റെ സൂപ്പര്‍ ഫിനിഷിങ്ങിലൂടെ സമനില സ്വന്തമാക്കി ഡച്ച് പട.

വീണ്ടുമൊരു ദുരന്തത്തിലേക്കാണോ മെസ്സിപട പോകുന്നതെന്ന് കടുത്ത ആരാധകര്‍ പോലും ചിന്തിച്ചിരുന്നിട്ടുണ്ടാകും. എന്നാല്‍ എമിലിയോനെ മാര്‍ട്ടിനെസ് വളരെ കൂളായിരുന്നു. അയാളുടെ കണ്ണുകളില്‍ കടുത്ത ആത്മവിശ്വാസമുണ്ടായിരുന്നു. ഡച്ച് താരം വാന്‍ഡൈക്കിന്റെ ആദ്യകിക്ക് തട്ടിയകറ്റിയ മാര്‍ട്ടിനെസ് തന്റെ നയം വ്യക്തമാക്കിയിരുന്നു. ആ ആത്മവിശ്വാസത്തില്‍ പെനാല്‍ട്ടി കിക്കെടുക്കാന്‍ എത്തിയ മെസിക്ക് പിഴച്ചില്ല, ലക്ഷ്യം കണ്ടു. രണ്ടാമതും മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ കാവല്‍ മാലാഖയാകുന്ന കാഴ്ചയാണ് കണ്ടത്. സ്റ്റീവന്‍ന്റെ കിക്കും മാര്‍ട്ടിനെസ് തടഞ്ഞു. രണ്ടാം കിക്കില്‍ അര്‍ജന്റീനയുടെ പരെഡസ് ലക്ഷ്യം കണ്ടതോടെ ഗാലറി ഇളകി മറിഞ്ഞു. നെതര്‍ലാന്‍ഡ്‌സിന് വേണ്ടി മൂന്നാം കിക്കെടുക്കാനെത്തിയ കോപ്‌മെനാഷിനും അര്‍ജന്റീനക്കായി കിക്കെടുത്ത മൊണ്ടൈലും അനായാസം ലക്ഷ്യം കണ്ടു. വൗട്ടിന്റെ നാലാം കിക്ക് ഗോളായപ്പോള്‍ എന്‍സോയുടെ കിക്ക് പാഴായി. ഡി ജോങിന്റെ അഞ്ചാം കിക്ക് നെതര്‍ലന്‍ഡ്സ് വലയിലെത്തിച്ചപ്പോള്‍ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അര്‍ജന്റീന 4-3ന് വിജയം സ്വന്തമാക്കി. സെമിയില്‍ ക്രൊയേഷ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *