ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും 13 ആഭ്യന്തര വിമാനങ്ങളുമാണ് റദ്ദ് ചെയ്തത്. യാത്രക്കാര്‍ വിശദവിവരങ്ങള്‍ക്കായി അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ചുഴലിക്കാറ്റ് രാത്രി 9.30 ഓടെ ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി മഹാബലിപുരത്താണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. പുലര്‍ച്ചെ നാലുമണിയോടെ പൂര്‍ണമായും കരയില്‍ പ്രവേശിച്ച ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി മാറി. തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്രന്യൂനമര്‍ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ , കടലൂര്‍ വിഴുപ്പുറം റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെന്നൈയില്‍ വന്‍മരങ്ങള്‍ കടപുഴകി. മറീന ബീച്ചിന് സമീപമുള്ള റോഡുകളില്‍ വെള്ളം കയറി. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇന്നും നാളെയും തീരദേശങ്ങളോട് ചേര്‍ന്നുള്ള ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.