ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ മാന്‍ഡോസ് ചുഴലിക്കാറ്റില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്. താഴ്ന്നയിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയതിനാല്‍ 15 സബ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇത് പലയിടത്തും വൈദ്യുത ബന്ധം തകരാറിലാക്കി.
#MandousCyclone Severe effect at #MerinaBeach Chennai#Mandous #MerinaBeach #CycloneMandous #ShutDown #MandousCyclone #Chennai #WATCH pic.twitter.com/PNDWHOBCwg
— Harish Deshmukh (@DeshmukhHarish9) December 10, 2022
ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. പുതുച്ചേരി, കാരയ്ക്കാല്‍ തുടങ്ങിയ മേഖലകളിലും ശക്തമായ മഴയും കാറ്റുമുണ്ടായി. ചെന്നൈ വിമാനത്തവളത്തില്‍ നിന്ന് 27 വിമാനങ്ങളുടെ സര്‍വീസ് വൈകി. തീരമേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അന്‍പതിലധികം ബോട്ടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി.