ദോഹ: ലോകകപ്പിലെ ബ്രസീല്‍-ആര്‍ജന്റീന ക്ലാസിക് സെമിഫൈനല്‍ മത്സരം കാണാനായി കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായി. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ പരാജയം. ബ്രസിലെടുത്ത രണ്ട് പെനാല്‍ട്ടി കിക്കും ഫലം കണ്ടില്ല. ബ്രസീലിനായി ആദ്യ പെനാല്‍ട്ടി കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് തടഞ്ഞിട്ടപ്പോള്‍ നാലാമതായി കിക്കെടുത്ത മാര്‍ക്വിഞ്ഞോസിന്റെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മറുഭാഗത്ത് ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ഉള്‍പ്പെടെ നാല് പേരും ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബക്കറിന് ഒരവസരവും നല്‍കാതെ ലക്ഷ്യം ഭേദിക്കുകയായിരുന്നു.
നേരത്തെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതിനെ തുടര്‍ന്ന് കളി അധിക സമയത്തേക്ക് നീളുകയും അധിക സമയത്തിന്റെ ആദ്യപകുതിയില്‍ നെയ്മറിലൂടെ ബ്രസീല്‍ മുന്നിലെത്തുകയുമായിരുന്നു. എന്നാല്‍ ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ ബ്രസിലിനൊപ്പമെത്തി.
അര്‍ജന്റീന- നെതര്‍ലാന്‍ഡ് മത്സരവും പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് കലാശിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. അധികസമയത്തും വിജയഗോള്‍ പിറക്കാത്തതിനെ തുടര്‍ന്നാണ് പെനാല്‍ട്ടിയിലേക്ക് നീണ്ടു പോയത്. എമിലിയാനോ മാര്‍ട്ടിനെസിന്റെ തകര്‍പ്പന്‍ രണ്ട് സേവുകളാണ് അര്‍ജന്റീനയെ രക്ഷിച്ചത്. അര്‍ജന്റീനനക്കായി പെനാല്‍ട്ടിയിലൂടെ മെസിയും മൊളീനയുമാണ് നിശ്ചിത സമയത്ത് ഗോള്‍ നേടിയത്. നെതര്‍ലാന്‍ഡ്‌സിനായി വൗട്ട് വേഹോര്‍ട്‌സാണ് രണ്ട് ഗോളുകളും നേടിയത്. സെമിയില്‍ ക്രൊയേഷ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.