കാനറിപ്പടക്ക് ക്രൊയേഷ്യന്‍ കിക്ക്

കാനറിപ്പടക്ക് ക്രൊയേഷ്യന്‍ കിക്ക്

ക്വാര്‍ട്ടറില്‍ ബ്രസീലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ക്രൊയേഷ്യ സെമിഫൈനലിലേക്ക്

ദോഹ: ഫുട്‌ബോള്‍ ഇതിഹാം പെലെക്കു വേണ്ടി ലോകകപ്പ് നേടുക എന്ന സ്വപ്‌നം ബാക്കിയാക്കി സുല്‍ത്താനം കൂട്ടുകാരും ഇത്തവണത്തെ ഫിഫ വേള്‍ഡ്കപ്പ് ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങുകയാണ്. ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസത്തെ ബ്രസീല്‍-ക്രൊയേഷ്യ മത്സരം സാക്ഷിയായത്. മത്സരത്തിലുടനീളം ബ്രസീല്‍ ആധിപത്യം വച്ച് പുലര്‍ത്തിയെങ്കിലും ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് വിലങ്ങുതടിയായി നിന്നു. 21ഓളം ഷോട്ടുകളാണ് ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ബ്രസീല്‍ തൊടുത്തുവിട്ടത്. എന്നാല്‍ ലിവാകോവിച്ചിന്റെ മന്ത്രിക കൈകള്‍ അതെല്ലാം തട്ടിമാറ്റുകയായിരുന്നു. നിശ്ചിത സമയത്ത് ഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കും കഴിയാതിരുന്നത് കാരണം അധിക സമയത്തേക്ക് മത്സരം നീണ്ടു. അധിക സമയത്തെ ആദ്യപാതിയില്‍ സൂപ്പര്‍താരം നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ആഹ്ലാദം അധിക നേരം നീണ്ടുനിന്നില്ല. ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ ബ്രസീലിനൊപ്പമെത്തി. ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിക്കുന്നതായിരുന്ന പെനാള്‍ട്ടി ഷൂട്ടൗണ്ട്. കഴിഞ്ഞ മത്സരത്തില്‍ ജപ്പാനെതിരേ ആവര്‍ത്തിച്ച അതേ മികവ് ലിവാകോവിച്ച് ബ്രസിലിനെതിരേയും തുടര്‍ന്നു, ഫലമോ ബ്രസീലിന്റെ ആദ്യ കിക്ക് തന്നെ തട്ടിയകറ്റി.

പിന്നീടങ്ങോട്ട് ബ്രസീലിന് ട്രാക്കിലേക്ക് വരാന്‍ പറ്റിയില്ല. അവരുടെ ഗോള്‍ കീപ്പര്‍ അലിസണ്‍ ബക്കറിന് ക്രോയേഷ്യന്‍ താരങ്ങളുടെ ഒരു കിക്കു പോലും തയാന്‍ പറ്റിയില്ല. ബ്രസീലിനു വേണ്ടി കാസിമെറോ, പെഡ്രോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ക്രൊയേഷ്യക്കായി കിക്കെടുത്ത വ്‌ളാസിക്, ലോവ്‌റോ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ഒരു പിഴവുമില്ലാതെ ലക്ഷ്യം കണ്ടു. കഴിഞ്ഞ മത്സരത്തിലെ ഗോളോടു കൂടി ബ്രസീല്‍ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ നെയ്മറിനായി. ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പുരുഷ താരമെന്ന പെലെയുടെ റെക്കോര്‍ഡിനൊപ്പമാണ് നെയ്മറുമെത്തിയത്. പെലെ 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടിയപ്പോള്‍ നെയ്മറിന് 124 മത്സരങ്ങളാണ് 77ലേക്ക് എത്താന്‍ വേണ്ടിവന്നത്. മത്സരശേഷം കരച്ചിലടക്കാന്‍ പ്രയാസപ്പെടുന്ന നെയ്മറിനെയാണ് ലോകം വീക്ഷിച്ചത്.

സഹതാരങ്ങളായ ടിയാഗോ സില്‍വയും ഡാനി ആല്‍വ്‌സും നെയ്മറിനെ ആശ്വസിപ്പിക്കാനെത്തിയെങ്കിലും അദ്ദേഹത്തിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. അതേ സമയെ ക്രൊയേഷ്യന്‍ താരം പെരിസിച്ചിന്റെ മകന്‍ നെയ്മറിനെ ആശ്വസിപ്പിക്കാനെത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. തന്നെ ആശ്വസിപ്പിക്കാനെത്തിയ കുട്ടിയെ നെയ്മര്‍ ആശ്ലേഷിച്ചത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണമാണെന്നാണ് കളിയാരാധകര്‍ വിലയിരുന്നത്.

ക്രൊയേഷ്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ കോച്ച് സ്ഥാനം രാജി വച്ച് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടിറ്റെ ഇക്കാര്യം വിശദമാക്കിയത്. 2016ലാണ് ടിറ്റെ ബ്രസീലിന്റെ പരിശീലകനായി എത്തുന്നത്. ഇതിന് പിന്നാലെയാണ് ബ്രസീലിന് കോപ്പ അമേരിക്ക കപ്പ് നേടിയത്. പരിശീലകനെന്ന നിലയില്‍ ടിറ്റെ ബ്രസീലിനൊപ്പമുണ്ടായിരുന്നത് 81 മത്സരങ്ങളിലായിരുന്നു. ഇതില്‍ 61 മത്സരങ്ങളിലും ബ്രസീല്‍ ജയം നേടിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *