തിരുവനന്തപുരം: ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരേ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞത്. എന്നാല്‍, യു.ഡി.എഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് ഗോവിന്ദന്‍ തിരുത്തി. ഇതില്‍ സന്തോഷമെന്നും സതീശന്‍ പറഞ്ഞു.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ മുസ്‌ലിം ലീഗ് നിലപാട് സര്‍ക്കാരിനൊപ്പമായിരുന്നു. നിയമസഭയില്‍ വിഷയം വന്നപ്പോള്‍ ലീഗിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസിനും സര്‍ക്കാരിനെ പിന്തുണക്കേണ്ടിവന്നു. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടിയത് മുതല്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം എല്‍.ഡി.എഫ് പക്ഷത്തേക്ക് പോകണമെന്ന അഭിപ്രായം പറയുന്നത് ലീഗിലും യു.ഡി.എഫിലുമൊക്കെ ചര്‍ച്ചയുമായിരുന്നു. ഇതിനിടെയാണ് ശരിയത്ത് വിവാദകാലം മുതല്‍ ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായി സി.പി.എം നേതൃത്വം ലീഗിനെ പ്രശംസിച്ചത്.