അസത്യ പ്രചാരകരായി മാധ്യമ പ്രവര്‍ത്തകര്‍ മാറരുത്: സ്പീക്കര്‍

അസത്യ പ്രചാരകരായി മാധ്യമ പ്രവര്‍ത്തകര്‍ മാറരുത്: സ്പീക്കര്‍

തലശ്ശേരി: സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം പത്രപ്രവര്‍ത്തനത്തിലും കാണാനുണ്ടെന്നും വാര്‍ത്തകള്‍ ബ്രേയ്ക്ക് ചെയ്യുമ്പോള്‍ അതില്‍ സത്യമുണ്ടോ എന്ന് പോലും ചില മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ചില ഘട്ടങ്ങളില്‍ അസത്യത്തിന്റെ പ്രചാരകരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. തങ്ങളുടെ കൈയിലെ മൈക്ക് ഉപയോഗിച്ച് ആരെയും ചോദ്യം ചെയ്യാമെന്ന സ്ഥിതിയാണ്. നിഷ്പക്ഷവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനം ഇന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പടയണി സായാഹ്ന പത്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

മാനേജിങ് എഡിറ്റര്‍ കെ.പി മോഹനന്‍ എം.എല്‍.എ അധ്യക്ഷനായി. സുവനീര്‍ പ്രകാശനം ഊര്‍ജ്ജ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കെ.കെ.മാരാര്‍ ആദ്യ പ്രതി സ്വീകരിച്ചു. ചതുര്‍ഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരനെ ചടങ്ങില്‍ ആദരിച്ചു. പടയണി പത്രത്തിന്റെ ആദ്യകാല പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. സ്വാഗത സംഘം ചെയര്‍പേഴ്‌സണും തലശ്ശേരി നഗരസഭാധ്യക്ഷയുമായ കെ.എം.ജമുനാ റാണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, അഡ്വ.കെ.എ ലത്തീഫ് , സി.പി സന്തോഷ് കുമാര്‍, കെ.വേലായുധന്‍, കെ.കെ.ജയപ്രകാശ്, കെ.സുരേശന്‍, കെ. മനോജ്, കെ.പി.യൂസഫ്, നവാസ് മേത്തര്‍ , സി.സി.വര്‍ഗീസ്, കെ.കെ.സഹദേവന്‍, ചാലക്കര പുരുഷു സംസാരിച്ചു. തുടര്‍ന്ന് സംഗീത-നൃത്ത-മന്ത്രിക പരിപാടി അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *