ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്. മുഖ്യമന്ത്രിയായി നയിക്കാന്‍ തനിക്ക് കഴിയുമെന്ന് പ്രതിഭ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് പ്രതിഭാ സിംഗിന്റെ അവകാശവാദം. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം മറ്റാര്‍ക്കെങ്കിലും ഫലം നല്‍കാന്‍ ആകില്ലെന്നും വീരഭദ്ര സിംഗിന്റെ കുടുംബത്തെ മാറ്റി നിര്‍ത്താന്‍ ആകില്ലെന്നും പ്രതിഭാ സിംഗ് പറഞ്ഞു.
പ്രചാരണ ചുമതലയിലുള്ള മുന്‍ പി.സി.സി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖ്‌വീന്ദര്‍ സിംഗ് സുഖുവിന് കൂടുതല്‍ എം.എല്‍.എമാരുടെയും പിന്തുണയുമുണ്ട്. ഇതിനിടെയാണ് പ്രതിഭാ സിംഗ് അവകാശമുന്നയിച്ചെത്തിയത്. അതേസമയം, എം.എല്‍.എമാരുടെ യോഗം വൈകീട്ട് നടക്കും.
40 സീറ്റില്‍ ജയിച്ചാണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധ വികാരവും വിമതരും ബി.ജെ.പിയെ 26 സീറ്റിലൊതുക്കുകയായിരുന്നു. ബി.ജെ.പി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്റെ വിജയം. മോദി പ്രഭാവം ഉയര്‍ത്തിക്കാട്ടിയുള്ള ബി.ജെ.പി പ്രചാരണത്തിന് ഹിമാചലില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല.