ക്വിസ് പ്രസ് ഉത്തരമേഖലാ മത്സരം ബ്രണ്ണനും മടപ്പള്ളി കോളേജും ജേതാക്കൾ

കോഴിക്കോട്:അറിവാണ് ലഹരി എന്ന സന്ദേശമുയർത്തി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ക്വിസ് പ്രസ് 2022 ഉത്തര മേഖലാ മത്സരത്തിൽ 290 പോയിന്റുകളോടെ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ നിവേദ് കെ, നന്ദന എം എന്നിവർ ഒന്നാം സ്ഥാനത്തെത്തി. ആതിഥേയരായ മടപ്പള്ളി ഗവ.കോളേജിലെ അമേയ അശോക്, പ്രണവ് മോഹൻ വി.ആർ എന്നിവർ 250 പോയിൻറുകളോടെ രണ്ടാമതെത്തി. 240 പോയിൻറുകൾ നേടിയ കാലിക്കറ്റ് സർവകലാശാല കാമ്പസിലെ ജി എം ഹയർ സെക്കണ്ടറി സ്‌കൂളിലെ നവനീത് കൃഷ്ണൻ, ശ്രീനാഥ് സുധീഷ് എന്നിവർക്കാണ് മൂന്നാം സ്ഥാനം.

ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 10000 രൂപ, 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും മൂന്നാം സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച 1000 രൂപയുടെ പുസ്തകങ്ങളും വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു സമ്മാനിച്ചു.

മേഖലാ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഡിസംബർ 26 ന് കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50000 രൂപയും പ്രശസ്തി പത്രവും.

ക്വിസ് പ്രസ് സെക്കന്റ് എഡിഷൻ ഉത്തരമേഖലാ മത്സരം മടപ്പള്ളി ഗവ കോളേജ് ഓഡിറ്റോറിയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ അധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ് മത്സരം നയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *