കോഴിക്കോട്: കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റീജ്യണല്‍ ഓഫീസിനു മുന്‍പില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടന്നു വരുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ചര്‍ച്ചയില്‍ ഉണ്ടായ ധാരണയെത്തുടര്‍ന്ന് പിന്‍വലിച്ചു. ധാരണ പ്രകാരം കൊയിലാണ്ടി ഈവനിങ് ശാഖയിലെ നിലവിലുള്ള പി.ടി.എസിനെ അവിടെ തന്നെ നിലനിര്‍ത്തിക്കൊണ്ട് ദീപ്തിക്ക് കൊയിലാണ്ടി ഈവനിങ് ശാഖയിലേക്ക് അറേഞ്ച്‌മെന്റ് പ്രകാരം സ്ഥലം മാറ്റം നല്‍കാന്‍ തീരുമാനമായി. മറ്റു കാര്യങ്ങള്‍ 2023 ഏപ്രില്‍ മാസം സംഘടന പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത്‌കൊണ്ട് ശാശ്വതമായി പരിഹരിക്കും. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മിനുട്‌സ് ചെയ്ത് കൊണ്ട് കേരള ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രതിനിധികളും ബാങ്ക് ഡയരക്ടര്‍മാരായ എം.മെഹബൂബ്, രമേശ് ബാബു എന്നിവരും ഡി.ജി.എംമാരായറീന, ഐ.കെ വിജയന്‍ എന്നിവരും ഒപ്പുവെച്ചു. എ.കെ.ബി.ഇ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രാംപ്രകാശിന്റെ നേതൃത്വത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് കെ.കെ.സജിത് കുമാര്‍, പി.കെ.സുരേഷ്, പി.കെ.രാജേഷ്, കെ.കെ.ലീന, അബ്ദുള്‍ റസാഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമരത്തിന്റെ ആദ്യ നാലു നാള്‍ സംഘടനയുടെ സംസ്ഥാന ട്രഷറര്‍ കെ.കെ.സജിത് കുമാറും ജില്ലാ കമ്മിറ്റിയംഗം ശശികുമാര്‍ അമ്പാളിയും നിരാഹാര സമരമനുഷ്ഠിച്ചു. രണ്ടു പേരുടെയും ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് മാറ്റിയതിനാല്‍ പിന്നീട് ജില്ലാ കമ്മറ്റിയംഗങ്ങളായ മഹേഷ് കെ.വി, പ്രവീണ്‍ കുമാര്‍ പി.ടി എന്നിവര്‍ നിരാഹാരം തുടരുകയായിരുന്നു.
ചര്‍ച്ചയെത്തുടര്‍ന്ന് കേരള ബാങ്ക് ഡയരക്ടര്‍മാരായ എം.മെഹബൂബ് ,രമേശ് ബാബു എന്നിവര്‍ സമരപന്തലിലെത്തി സമരക്കാരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് എ.ഐ.ബി.ഇ.എയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രാം പ്രകാശ് സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.