- പ്രതിഭ സിങ് മുഖ്യമന്ത്രിയായേക്കും
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. 40 സീറ്റുകളില്‍ ആധിപത്യം നേടിയാണ് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധവികാരവും വിമതരും ബി.ജെ.പിയെ 25 സീറ്റിലൊതുക്കിയപ്പോള്‍ ബി.ജെ.പി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ 90 ശതമാനവും പൂര്‍ത്തിയായപ്പോള്‍ 39 സീറ്റുകളില്‍ കോണ്‍ഗ്രസ് വ്യക്തമായി ലീഡ് ചെയ്തു. 68 അംഗ നിയമസഭയില്‍ 35 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്ക സംസ്ഥാനമാകെ നടത്തിയ പ്രചാരണവും അഗ്നിവീര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവും കോണ്‍ഗ്രസ് വിജയഘടകമായി. അഗ്നിവീര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാര്‍ന്ന വിജയം.
എന്നാല്‍, ബി.ജെ.പിക്കാകട്ടെ മോദി പ്രഭാവം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. പ്രാദേശിക വിഷയങ്ങളുയര്‍ത്തിയുള്ള കോണ്‍ഗ്രസ് പ്രചാരണത്തിനാകട്ടെ ഹിമാചലിന്റെ അംഗീകാരവും ലഭിച്ചു. ഒ.ബി.സി വോട്ടുകള്‍ നിര്‍ണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യം നേടി. ആപ്പിള്‍ കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഷിംലയും കിന്നൗറും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാധീനമുള്ള നഗരമേഖലകളും കോണ്‍ഗ്രസിനൊപ്പം നിന്നു. പരമ്പരാഗതമായി തുണയ്ക്കുന്ന ഉന സോലന്‍ ജില്ലകളിലും കോണ്‍ഗ്രസ് കരുത്തുകാട്ടി. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ബി.ജെ.പി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും ഉച്ചയോടെ കോണ്‍ഗ്രസ് വ്യക്തമായ ലീഡുയര്‍ത്തി.
ശക്തികേന്ദ്രങ്ങളിലടക്കം വിമതരാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. വിജയിച്ച മൂന്ന് സ്വതന്ത്രരില്‍ രണ്ടുപേരും ബി.ജെ.പി വിമതരാണ്. ഭരണ വിരുദ്ധ വികാരവും തോല്‍വിക്ക് കരാണമായി. അന്തിമ ഫലപ്രഖ്യപനത്തിന് കാക്കാതെ മുഖ്യമന്ത്രി ജയറാം താക്കൂര്‍ തോല്‍വി സമ്മതിച്ചു. ഇരുപാര്‍ട്ടികളുടെയും വോട്ടുകള്‍ ചോര്‍ത്തുമെന്ന് കരുതിയ ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കിയില്ലെന്നതും ശ്രദ്ധേയമാണ്.
പി.സി.സി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്ങ് മുഖ്യമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രതിഭ സിങ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ടാകുമെന്ന് മകനും എം.എല്‍.എയുമായ വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ലോക്സഭാ എം.പിയാണ് പ്രതിഭ സിങ്. മുഖ്യമന്ത്രിയായാല്‍, ഇതു രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ടി വരും. വീര്‍ഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് വിജയത്തിലേക്കെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന് എം.എല്‍.എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനിക്കുമെന്നും വിക്രമാദിത്യ സിങ് ഷിംലയില്‍ പറഞ്ഞു. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും ഹിമാചലില്‍ തുടര്‍ഭരണം ലഭിച്ചിട്ടില്ല. ഏക വ്യക്തി നിയമം, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി, പഴയ പെന്‍ഷന്‍ പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി എന്നിവയുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.
‘ജനങ്ങള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗാദനങ്ങള്‍ ഞങ്ങള്‍ പാലിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ പ്രതികരണം. കോണ്‍ഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി അട്ടിമറി ഭയന്ന് എം.എല്‍.എമാരെ ഛത്തീസ്ഗണ്ഡിലേക്ക് മാറ്റും. ഇക്കാര്യം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥിരീകരിച്ചു. എല്ലാ എം.എല്‍.എമാരെയും ഒരുമിച്ച് എളുപ്പം കാണാന്‍ സാധിക്കുമെന്നതിനാലാണ് ചത്തീഗഡിലേക്ക് മാറ്റുന്നതെന്നാണ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ വിശദീകരണം. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രിയങ്ക ഗാന്ധി ഷിംലയില്‍ വൈകീട്ടോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.