സി.പി.എം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് കഠിന തടവും പിഴയും

സി.പി.എം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് കഠിന തടവും പിഴയും

തലശ്ശേരി: സി.പി.എം.പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ആര്‍.എസ്.എസ്.-ബി ജെ.പി.ക്കാരായ പ്രതികള്‍ക്ക് കഠിന തടവും പിഴയും. ഒന്നാം പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും എട്ട് ലക്ഷം രൂപ പിഴയും രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്ക് എട്ട് വര്‍ഷം വീതം കഠിന തടവും എട്ട് ലക്ഷം രൂപ വീതം പിഴയുമാണ് അസി.സെഷന്‍സ് ജഡജ് കെ.ബി.വീണ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ ശിക്ഷ ഒന്നിച്ചനുഭവിക്കാനാണ് ഉത്തരവ്. അതനുസരിച്ച് ഒന്നാം പ്രതി മൂന്ന് വര്‍ഷവും, മറ്റ് പ്രതികള്‍ അഞ്ച് വര്‍ഷം വീതവും ശിക്ഷയനുഭവിച്ചാല്‍ മതി. ഇതിന് പുറമെ മുഴുവന്‍ പ്രതികളും എട്ട് ലക്ഷം രൂപ വീതം പിഴയടക്കണം. ഇതില്‍ നിന്ന് 20 ലക്ഷം രൂപ പരുക്കേറ്റ ജ്യോതിരാജിന് നല്‍കണം. അല്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. ഒന്നാം പ്രതിക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചത്.

2008 മാര്‍ച്ച് ആറിന് രാത്രി പത്ത് മണിയോടെ സി.പി.എം.പ്രവര്‍ത്തകനായ തൃപ്പങ്ങോട്ടൂരിലെ കല്ലിന്റവിട കെ.ജ്യോതിരാജി(36)നെ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിളക്കോട്ടൂരിലെ കുനിയില്‍ രാജീവന്‍ (38), പൊയിലൂരിലെ കുണ്ടന്‍ ചാലില്‍ രമേശന്‍ (40), വട്ടപൊയിലുമ്മല്‍ രാജേഷ് (36), കൊക്കണ്ടിന്റവിട പ്രമോദ് (34) എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ഏഴര മാസത്തോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു ജ്യോതിരാജ്. പരുക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി രണ്ടര ലക്ഷം രൂപ ധനസഹായമാകി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുഞ്ഞി പറമ്പത്ത് പ്രദീപന്റെ വീട്ടില്‍ നിന്നും ടി.വി.കണ്ട് വീട്ടിലേക്ക് പോവുമ്പോള്‍ തൃപ്പങ്ങോട്ടൂര്‍ എല്‍.പി.സ്‌കൂളിന്റെ അടുത്ത് വച്ചാണ് അക്രമം നടന്നത്. അരയാക്കണ്ടി ശങ്കരന്‍ , പോലിസ് ഓഫീസര്‍മാരായ പി.കെ.സന്തോഷ്, കെ.വി.രഘുരാമന്‍, വി.പി.സുരേന്ദ്രന്‍, പി.ചന്ദ്രന്‍ , വിനോദ് , ജയന്‍ ഡൊമനിക്, ഡോക്ടര്‍മാരായ ശിവകുമാര്‍ , ചന്ദ്രശേഖരന്‍ , അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പി.കെ.സുധീര്‍ കുമാര്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരായത്.

Share

Leave a Reply

Your email address will not be published. Required fields are marked *