മാഹി: അഴിയൂരില്‍ 13 കാരിയായ വിദ്യാര്‍ഥിനി ലഹരി മരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡി.ഡി.ഇ സ്‌കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്‌കൂളിന് നിര്‍ദേശം നല്‍കി. കുട്ടിയില്‍ നിന്ന് പോലിസ് മൊഴി രേഖപ്പെടുത്തുകയാണ്. കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്. കുട്ടിയുടെ സ്‌കൂളില്‍ സര്‍വകക്ഷിയോഗം തുടങ്ങി.
ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്‌കൂളിലും പരിസരത്തും പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് അറിയിച്ചു. ബൈക്കില്‍ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കും. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം സ്‌കൂളിലെത്തി അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചതിനും കൈയ്യില്‍ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരേ പോക്‌സോ കേസെടുത്ത് ചോമ്പാല പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതിക്കെതിരേ ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു.