മയ്യഴിയില്‍ മദ്യം പഴങ്കഥ; എം.ഡി.എം.എ അരങ്ങ് തകര്‍ക്കുന്നു

മയ്യഴിയില്‍ മദ്യം പഴങ്കഥ; എം.ഡി.എം.എ അരങ്ങ് തകര്‍ക്കുന്നു

ചാലക്കര പുരുഷു

മാഹി: മദ്യമൊഴുകും പുഴക്കരയില്‍ ഇപ്പോള്‍ മയക്ക് മരുന്നും സുലഭം. കേവലം ഒന്‍പത് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, നാല്‍പ്പതിനായിരത്തോളം ജനസംഖ്യയുമുള്ള കൊച്ചു മാഹിയില്‍ ചില്ലറ – മൊത്ത മദ്യഷാപ്പുകളുടെ എണ്ണം 68. ലഹരിയില്‍ മയങ്ങുന്ന മയ്യഴിക്കിപ്പോള്‍ ഭീഷണി മദ്യത്തേക്കാള്‍ മയക്ക് മരുന്നിന്റെ ശക്തമായ സാന്നിദ്ധ്യമാണ്. നേരത്തെതന്നെ കഞ്ചാവ് വിപണന കേന്ദ്രമായിരുന്ന പൂഴിത്തലയും, തൊട്ടടുത്ത് മയ്യഴിയോട് ചേര്‍ന്നുള്ള കേരളക്കരയിലെ അഴിയൂര്‍ മേഖലയും. ഇപ്പോള്‍ ഇവിടം എം.ഡി.എം.എ പോലുള്ള മയക്ക്മരുന്നുകളുടെ പ്രഭവ കേന്ദ്രമായി മാറിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെയടക്കം ഉപയോഗപ്പെടുത്തി, യുവതികളടക്കമുള്ള മാഫിയാ സംഘം നടത്തിവരുന്ന മാരകമായ മയക്ക് മരുന്ന് വിപണനം പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തലശ്ശേരി, മാഹി, ചൊക്ലി മേഖലകളിലേക്കുള്ള ലഹരി വിപണനത്തിന്റെ ശൃംഗലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തായത്. അഴിയൂരിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ പതിമൂന്നോളം കുട്ടികള്‍ ലഹരിമരുന്നിന്നടിമയായിട്ടുണ്ടെന്നറിയുന്നു. കുഞ്ഞിപ്പള്ളി സ്വദേശിനിയായ എട്ടാം തരം വിദ്യാര്‍ത്ഥിനിയെ ബിസ്‌ക്കറ്റ് നല്‍കിയാണ് ഒരു സ്ത്രീ ആദ്യം വശത്താക്കിയതെന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചാല്‍ വീണ്ടും വേണമെന്ന അഭിനിവേശമുണ്ടാകും. പിന്നീട് മണപ്പിക്കാനുള്ള പൊടി നല്‍കി.

ഒടുവില്‍ ലഹരി കുത്തി വെക്കുന്നിടം വരെയെത്തി. പൊടിശ്വസിച്ചാല്‍ പിന്നെ ഒന്നും അറിയില്ലത്രെ. തങ്ങളുടെ വരുതിയിലായാല്‍ ഈ കുട്ടികളെ ഉപയോഗിച്ച് സ്‌കൂള്‍ ബാഗുകളിലാക്കി മറ്റിടങ്ങളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. സ്‌കൂളിലെ കബഡി താരവും സ്റ്റുഡന്റ് പോലിസുമൊക്കെയായ പെണ്‍കുട്ടിയെയാണ് മാഫിയാ സംഘം ആദ്യം കെണിയില്‍ വീഴ്ത്തിയത്.

കാരിയര്‍മാരുടെ ശരീരത്തില്‍ ചില അക്ഷരങ്ങളും, ഈമോജികളും വരച്ചാണ് ഇവര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. ചോമ്പാല പോലിസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനായില്ല. പുതുച്ചേരി സംസ്ഥാനത്ത് തന്നെ ആദ്യമായി എം.ഡി.എം.എ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാഹിയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ രണ്ട് സംഘങ്ങളെ മാഹി പോലിസ് പിടികൂടുകയുണ്ടായി. പന്തക്കലില്‍ വെച്ച് എം.ഡി.എം.എയുമായി പിടികൂടപ്പെട്ട രണ്ട് യുവാക്കളില്‍ നിന്നും ലഹരി വസ്തുക്കള്‍ കടത്താനുള്ള അറകളും ഹുക്കയും, വേയിങ്ങ് മെഷീനുമെല്ലാം പിടിച്ചെടുത്തിരുന്നു. മംഗലാപുരവുമായി ബന്ധമുള്ള സംഘമാണിത്. പള്ളൂര്‍ വയലില്‍ നിന്നും പിടിയിലായ മറ്റൊരു എം.ഡി.എം.എ വിപണന സംഘത്തിനും ബാംഗ്ലൂര്‍ അടക്കമുള്ള അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ട്.

നിരോധിത ലഹരി വസ്തുക്കള്‍ പലവട്ടം പിടിക്കപ്പെട്ടിട്ടും മൂലക്കടവ്, മാക്കുനി ഭാഗത്ത് പരസ്യമായി തന്നെ വില്‍പ്പന തുടരുകയാണ്. മയ്യഴിയിലെ ചില പ്രധാന വിദ്യാലയങ്ങളിലേക്കും ലഹരി വസ്തുക്കളുടെ കടന്ന് വരവ് അദ്ധ്യാപകരേയും, രക്ഷിതാക്കളേയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വെ സ്റ്റേഷനടുത്ത് താമസക്കാരനായ മാഹിയിലെ ഒരു പ്രമുഖ കലാലയത്തിലെ ബിരുദ വിദ്യാര്‍ഥിയാണ് തനിക്ക് മയക്ക് മരുന്ന് എത്തിച്ചു തന്നതെന്ന് അഴിയൂരിലെ എട്ടാം ക്ലാസുകാരി പോലിസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഈ ബിരുദ വിദ്യാര്‍ത്ഥി മാഹിയിലെ വിവിധ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാഹിയിലെ ചില വിദ്യാലയങ്ങളില്‍ പോലിസ് നേരിട്ട് പരിശോധനയാരംഭിച്ചിട്ടുണ്ട്.

പോലിസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍, അതിന് അപവാദമെന്നവണ്ണം സേനക്കകത്തെ ചിലര്‍ തന്നെ ഇവരെ രക്ഷപ്പെടുത്താനും ശ്രമിക്കുന്നത് നാട്ടുകാരില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. കൊറോണക്കെതിരെ നാടാകെ ഒറ്റക്കെട്ടായി ഏക മനസ്സോടെ പൊരുതിയത് പോലെ, ലഹരിക്കെതിരേയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മനുഷ്യച്ചങ്ങലയൊക്കെ നടത്തിയെങ്കിലും ഒരു വിഭാഗം ഇപ്പോഴും വിട്ടു നില്‍ക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും പോലിസും ഒറ്റമനസ്സോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മയ്യഴിയെ മയക്ക് മരുന്നുകളില്‍ നിന്നും മോചിപ്പിക്കാനാവുമെന്നതില്‍ സംശയമില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *