പ്രഷിബ ഷാജിയുടെ പുസ്തകം ‘സ്വയം സംസാരിക്കുന്നവര്‍’ സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്തു

പ്രഷിബ ഷാജിയുടെ പുസ്തകം ‘സ്വയം സംസാരിക്കുന്നവര്‍’ സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: സാഹിത്യകാരിയും അധ്യാപികയുമായ പ്രഷിബ ഷാജിയുടെ പ്രഥമ ചെറുകഥ സമാഹാരമായ ‘സ്വയം സംസാരിക്കുന്നവര്‍ ‘ പുസ്തകം സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്തു. ഒരു പുരുഷാരത്തെ, മഹാസമുദ്രത്തെ ആത്മാവില്‍ വഹിക്കുന്നവരാണ് എഴുത്തുകാരെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന് സാധിക്കാവുന്ന പരമമായ പദവിയാണ് എഴുത്തുകാരന്‍ എന്ന പദവി. ഏറ്റവും ചെറിയ വാക്കുകള്‍ ഏറ്റവും കുറച്ചു പറയുക എന്ന മിതത്വമാണ് കലയുടെ ആത്മാവ്. അക്ഷരങ്ങളുടെ ലാളിത്യമാണ് രചനകള്‍ വായനക്കാരുടെ ആത്മാവിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുക.

യാഥാര്‍ത്ഥ്യത്തെ വെളിവാക്കേണ്ട സന്ദര്‍ഭങ്ങളില്‍ എത്ര ലളിതമാക്കി പറയാമോ അത്രയും ലളിതമാക്കി പറയുമ്പോള്‍ ആ വാക്കുകള്‍ക്കുള്ള ശക്തി അതിഗംഭീരമാണ്. പ്രഷിബയുടെ കഥകളില്‍ ഈ ലാളിത്യവും ഹ്രസ്വതയും തെളിഞ്ഞു നില്‍ക്കുന്നത് കാണാം. സ്വച്ഛസുന്ദരമായ തടാകത്തില്‍ ആകാശവും മേഘങ്ങളുമെല്ലാം പ്രതിഫലിക്കുമ്പോള്‍ നമുക്ക് എങ്ങനെയാണോ സൗന്ദര്യാനുഭൂതി ആത്മാവില്‍ ഉണ്ടാകുന്നത് എന്നതുപോലെ സുന്ദരമായ ഭാഷയില്‍ പ്രഷിബ എഴുതി വച്ചിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ആ സൗന്ദര്യാനുഭൂതി ഉണ്ടാക്കുന്നുണ്ട്.

തന്റെ ആത്മഗതങ്ങള്‍ മാത്രമല്ല മറ്റുളളവരുടെ ആത്മഗതങ്ങള്‍ കൂടി പിടിച്ചെടുത്ത് ശുദ്ധമായ ഭാഷയില്‍ കഥയിലേക്ക് ആവാഹിക്കുന്ന എഴുത്ത്‌രീതി എഴുത്തുകാരി സ്വായത്തമാക്കിയിട്ടുണ്ട്. ഈ സര്‍ഗാത്മഗതയുടെ വെളിച്ചത്തില്‍ പ്രഷിബയുടെ രചനകള്‍ ഭാവിയില്‍ അവര്‍ ചെയ്യാനിരിക്കുന്ന വലിയ രചനയുടെ നിഴലാട്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ പലപ്പോഴും പ്രശംസയിലൂടെയല്ല പ്രാതികൂല്യങ്ങളിലൂടെയാണ് വളര്‍ന്നു വരേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. പയമ്പ്ര ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ വി.ബിനോയ് പുസ്തകം ഏറ്റുവാങ്ങി. അളകാപുരിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് കാമ്പസ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഡോ.എന്‍ പ്രമോദ് അധ്യക്ഷനായി. എഴുത്തുകാരന്‍ ശ്രീജിത്ത് ശ്രീവിഹാര്‍ പുസ്തകം പരിചയപ്പെടുത്തി. അര്‍ഷാദ് ബത്തേരി സ്വാഗതം പറഞ്ഞു. സജീഷ് നാരായണന്‍, ടി.ശശിധരന്‍ സംസാരിച്ചു. ഗ്രന്ഥകാരി പ്രഷിബ ഷാജി മറുമൊഴി നടത്തി. ബാഷോ ബുക്‌സാണ് പുസ്തക പ്രസാദകര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *