പാല്‍ ഇന്‍സന്റീവ് 23.44 കോടി രൂപ നല്‍കി: മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ കര്‍ഷക അവാര്‍ഡുകള്‍ സമ്മാനിച്ചു

പാല്‍ ഇന്‍സന്റീവ് 23.44 കോടി രൂപ നല്‍കി: മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ കര്‍ഷക അവാര്‍ഡുകള്‍ സമ്മാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ വഴി ഈ വര്‍ഷം 23.44 കോടി രൂപ പാല്‍ ഇന്‍സെന്റീവ് നല്‍കിയെന്നും വരും വര്‍ഷങ്ങളില്‍ നാല് രൂപയില്‍ നിന്നും തുക കൂട്ടുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഒന്നേമുക്കാല്‍ ലക്ഷം വരെ ഒറ്റയടിക്ക് കിട്ടിയ ഉപഭോക്താക്കള്‍ ക്ഷീര കര്‍ഷകര്‍ക്കിടയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയിലെ നാനാവിധ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പ്രോത്സാഹനവും ആവേശവുമേകി 2021 വര്‍ഷത്തെ കര്‍ഷക അവാര്‍ഡുകള്‍ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ പ്രൗഢഗംഭീരമായ വേദിയെ സാക്ഷിയാക്കി സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.

വര്‍ഷങ്ങളായി മൃഗസംരക്ഷണ മേഖലയില്‍ നിലയുറപ്പിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയവര്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശികളുമായിത്തീര്‍ന്ന മികച്ച പ്രവത്തനം കാഴ്ചവച്ച അഞ്ച് കര്‍ഷകരെയാണ് പുരസ്‌ക്കാരം നല്‍കി ആദരിച്ചത്. ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശിയായ ഷൈന്‍ കെ.ബിയാണ് മികച്ച ക്ഷീരകര്‍ഷകനുള്ള ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും ഏറ്റുവാങ്ങിയത്. വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് നേടിയ തൃശൂര്‍ മേലൂര്‍ സ്വദേശിയും നവ്യ ഫാംസ് ഉടമയുമായ ജിജി ബിജുവിനെ പ്രതിനിധീകരിച്ച് മകന്‍ ജോസഫ് ബി. ചക്കിയത്താണ് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും ഏറ്റുവാങ്ങാന്‍ എത്തിയത്. കോട്ടയം മുട്ടുചിറ സ്വദേശിയായ വിധു രാജീവ് മികച്ച സമ്മിശ്ര കര്‍ഷകന്‍ ഇനത്തിലെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും ഏറ്റുവാങ്ങി.
കോട്ടയം പാറത്തോട് സ്വദേശിയായ റിനി നിഷാദ് മികച്ച വനിതാ കര്‍ഷക ഇനത്തിലെ 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും ഏറ്റുവാങ്ങി. മികച്ച യുവ കര്‍ഷകനായി തെരഞ്ഞെടുത്ത മാത്തുക്കുട്ടി ടോമിന് 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു. പുരസ്‌ക്കാര ജേതാക്കളെ മന്ത്രി ജെ. ചിഞ്ചുറാണി അഭിനന്ദിച്ചു
.
വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ.കൗശിഗന്‍ ഐ.എ.എസ്, കെ.സി.എം.എം.എഫ് മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് ഐ.എ.എസ്, പ്ലാനിംഗ് ബോര്‍ഡ് അഗ്രി.ചീഫ് എസ്.എസ് നാഗേഷ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ.കെ.സിന്ധു, വിനുജി ഡി.കെ, കെ.എല്‍.ഡി.ബി മാനേജിംഗ് ഡയറക്ടര്‍ ഡോ.രാജീവ് .ആര്‍, കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.സെല്‍വകുമാര്‍, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുജയ്കുമാര്‍ .സി, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ബീന ബീവി ടി.എം, പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ ഡോ.റെനി ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *