ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തില്‍ ബി.ജെ.പി വ്യക്തമായ ലീഡ് നേടി. ബി.ജെ.പി 148 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 21 സീറ്റിലും ആം ആദ്മി ഒന്‍പത് സീറ്റിലും മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇതോടെ എക്‌സിറ്റ് പോള്‍ ഫലം പോലെ ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ തുടര്‍ച്ചയായ ഏഴാം തവണയാകും ബി.ജെ.പി അധികാരത്തിലെത്തുക.
അഞ്ചിടത്ത് എ.എ.പി ലീഡ് മുന്നിലാണ്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 182 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63.14% പോളിങ് രേഖപ്പെടുത്തിയിരുന്നു.
ഹിമാചലില്‍ ആദ്യഫല സൂചനകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ബി.ജെ.പി 33 സീറ്റിലും കോണ്‍ഗ്രസ് 33 സീറ്റിലും ലീഡ് ചെയ്യുന്നു. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് ലീഡ് നിലയില്‍ മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ മണ്ടി, ഉന, കുളു, കാംഗ്ര, ബിലാസ്പൂര്‍ ജില്ലകളിലെ ഫലങ്ങള്‍ സംസ്ഥാനം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകുന്നില്ല.
ഇതുവരെയുള്ള ഫല സൂചനയില്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ സെരാജ് മണ്ഡലത്തില്‍ മുന്നില്‍ ആണ്. എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ജയറാം താക്കൂര്‍ അര്‍ത്ഥശങ്കയില്ലാതെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമായി ഫലം എന്താകുമെന്ന് ഉറപ്പിക്കാനാകാത്ത നിലയിലാണ് ഹിമാചലിലെ ട്രെന്റ്.
68 നിയമസഭാ മണ്ഡലങ്ങളിലേക്കായി 412 സ്ഥാനാര്‍ഥികളാണ് ഇത്തവണ ഹിമാചലില്‍ മത്സരിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍, 67 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്.