തലശ്ശേരി: അമിതമായി ജോലി ചെയ്യിക്കുകയും, ശമ്പള കുടിശ്ശിക നല്‍കാതിരിക്കുകയും ചെയ്തത് ചോദ്യം ചെയ്തപ്പോള്‍ സ്ഥാപന ഉടമയുടെ മര്‍ദനവും കള്ളക്കേസും നേരിടേണ്ടി വന്നതായി ബംഗാള്‍ സ്വദേശിയും ഗുഡ്‌സ് ഷെഡ് റോഡിലെ താമസക്കാരനുമായ അബു കലാം ഷാ പറഞ്ഞു. സംഭവത്തില്‍ ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി ഗുഡ്‌സ് ഷെഡ് റോഡിലെ റിയോ റഫ്രിജറേഷന്‍ എന്ന സ്ഥാപനത്തില്‍ എ.സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവയുടെ മോട്ടാര്‍ മെക്കാനിക്കായി പ്രവര്‍ത്തിച്ചു വരുന്ന കലാം ഷാക്ക് 800 രൂപയാണ് നിത്യ കൂലിയെങ്കിലും കൃത്യമായി കൂലി നല്‍കാറില്ല. അമിത ജോലി ചെയ്യിക്കുന്നതും, കൂലി നല്‍കാതിരിക്കുന്നതും ചോദ്യം ചെയ്തപ്പോള്‍ പരിസരവാസികള്‍ കണ്ടുനില്‍ക്കെ ഉടമ തന്നെ മര്‍ദിക്കുകയും തന്റെ പേരില്‍ കള്ളക്കേസ് നല്‍കി ജയിലിലടക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 13 നാണ് സംഭവം. ഉടമയുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്താലാണ് തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതെന്നും നാട്ടുകാരുടെ സഹായത്തോടെയാണ് താന്‍ ജയില്‍ മോചിതനായതെന്നും പരാതിയില്‍ പറയുന്നു. ജയില്‍ മോചിതനായപ്പോള്‍ വസ്ത്രം, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ സൂക്ഷിച്ച ബാഗ് കാണാതായി. തലശ്ശേരി പൊലീസ് ഇടപെട്ട് പാന്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഒഴിച്ച് ബാക്കിയുള്ളവ വാങ്ങിത്തരികയായിരുന്നു. ഒരു സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുമ്പോള്‍ തൊഴിലുടമ പാലിക്കേണ്ടതും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുമായ ഒരു രേഖകളും തൊഴിലുടമ ഇവിടെ സൂക്ഷിക്കുന്നില്ലെന്നും പൈസ തരുന്നത് സംബന്ധിച്ച് തന്റെ കൈയില്‍ ഉണ്ടായിരുന്ന ഒരു പോക്കറ്റ് ഡയറിയും ഇയാള്‍ ബലമായി കൊണ്ടുപോയെന്നും ജോലി നഷ്ടമായെന്നും ഇപ്പോള്‍ പൂര്‍ണ്ണ പട്ടിണിയിലാണെന്നും കലാം ഷാ മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.