കോഴിക്കോട്: സൗത്തേഷ്യന്‍ പീപ്പിള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രഥമ ദേശീയ സമ്മേളനം 15 മുതല്‍ 18 വരെ വെള്ളിമാട്കുന്നിലെ പി.എം.ഓ.സി സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15, 16 തിയതികളിള്‍ അക്കാദമിക്കുകളും ആക്ടിവിസ്റ്റുകളും ചേര്‍ന്നുള്ള റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് 17ന് വൈകുന്നേരം ഏഴ് മണിക്ക് രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും ചേര്‍ന്നുള്ള പോളിസി ടോക്ക്, 18ന് ഉച്ചക്ക രണ്ട് മണിക്ക് മാധ്യമ എഡിറ്റര്‍മാരും ജേര്‍ണലിസ്റ്റുകളും അക്കാദമിക്കുകളും തമ്മിലുള്ള സംവാദം ‘ക്ലൈമറ്റ് കഫേ’ നടക്കും. 18ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മാനേജ്‌മെന്റില്‍ വച്ച് വിവിധ യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ‘ക്ലൈമറ്റ് സ്‌കൂള്‍’ പരിപാടിയും നടക്കും.
ദേശീയ-അന്തര്‍ ദേശീയ കാലാവാസ്ഥ ശാസ്ത്രജ്ഞര്‍, അക്കാദമിക്കുകള്‍, പോളിസി എക്‌സ്‌പേര്‍ട്ടുകള്‍ പരിസ്ഥിതി സമ്പദ്ശാസ്ത്രകാരന്മാര്‍ എന്നിവര്‍ പങ്കെടുക്കും. 18ന് വൈകുന്നേരം മുതലക്കുളത്തുനിന്ന് ബീച്ചിലേക്ക് പ്രകടനം നടക്കും. വൈകീട്ട് അഞ്ച് മണിക്ക് ഫ്രീഡം സ്‌ക്വയറിന് സമീപം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളായ രാകേഷ് ടികായത്, യുദ്ധവീര്‍ സിംഗ്, സത്ബീര്‍ സിംഗ് എന്നിവര്‍ സംസാരിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ തമ്പാന്‍ തോമസ് (മുന്‍ എം.പി), സുദര്‍ശന്‍ റാവു സാര്‍ദേ (ട്രേഡ് യൂണിയന്‍ ലീഡര്‍), സാഗര്‍ ധാര ( മുന്‍ കണ്‍സള്‍ട്ടന്റ് യു.എന്‍.ഇ.പി, റിസ്‌ക് അനലിസ്റ്റ്), പ്രൊഫ. എച്ച്.ഡി ദേസാര്‍ദ ( പരിസ്ഥിതി സമ്പദ് ശാസ്ത്രജ്ഞന്‍, മഹാരാഷ്ട്ര, ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം), ചിരാഗ് ധാര (ക്ലൈമറ്റോളജിസ്റ്റ്), സൗമ്യ ദത്ത (യു.എന്‍ ക്ലൈമറ്റ് ടെക്‌നോളജി സെന്റര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍), സുഖ്‌ദേവ് സിംഗ്, ശശികാന്ത് സൊണാവനെ, നൂപൂര്‍ റിസ്ബൂദ് എന്നിവരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കല്‍പ്പറ്റ നാരായണന്‍, എന്‍.പി ചെക്കുട്ടി, പ്രൊഫ. കുസുമം ജോസഫ്, വിജയരാഘവന്‍ ചേലിയ, കെ.പി പ്രകാശന്‍, കെ. സഹദേവന്‍ എന്നിവര്‍ സംബന്ധിച്ചു.