ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പിയെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്ക്. 136 സീറ്റുകളിലാണ് ആംആ്ദമി പാര്‍ട്ടി നിര്‍ണായകമായ മുന്‍തൂക്കം നേടിയത്. ബി.ജെ.പിയാകട്ടെ 103 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും ഒതുങ്ങി. 2017ല്‍ 270 സീറ്റില്‍ 181ഉം ബി.ജെ.പി സ്വന്തമാക്കിയിരുന്നു. അന്ന് 53 ശതമാനം വോട്ടുകളാണ് ബി.ജെ.പി നേടിയത്. അന്ന് രണ്ടാം സ്ഥാനത്തെത്തിയ എ.എ.പിക്ക് 48 വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് 27 വാര്‍ഡുകള്‍ നേടിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ എ.എ.പി വലിയ കുതിച്ചു കയറ്റമാണ് നടത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുന്നേറ്റത്തോടെ 15 വര്‍ഷത്തെ ബി.ജെ.പിയുടെ ആധിപത്യത്തിനാണ് അറുതി വരുത്തിയത്. 2006 മുതല്‍ ബി.ജെ.പിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ചുവരുന്നത്. 250 വാര്‍ഡുകളിലേക്കും ബി.ജെ.പിയും ആം ആദ്മിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 247 സീറ്റിലാണ് മല്‍സരിച്ചത്. പതിനഞ്ച് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് ഡല്‍ഹി നഗരസഭ മോചിതമായെന്ന് എ.എ.പി എം.എല്‍.എ ദിലീപ് പാഢ്യ മാധ്യമങ്ങളോട് പറഞ്ഞു. ജയത്തോടെ ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കഴിഞ്ഞു. ജനങ്ങളുടെ വിജയമാണിതെന്നും ദിലീപ് പാഢ്യ പറഞ്ഞു.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ പരാജയം. കോണ്‍ഗ്രസ് ആകട്ടെ ചിത്രത്തില്‍ പോലും ഇല്ലാതായി, പതിനാറ് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ ഈ വിജയത്തിന്റെ സ്വാധീനം ഉണ്ടാവുമോ എന്നാണ് ബി.ജെ.പിയുടെ ആശങ്ക.