കോഴിക്കോട്: ഡയരക്ട് ടു ഹോം പദ്ധതിപ്രകാരം സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ ഇന്‍സെന്റീവ് വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കോ-ഓപറേറ്റീവ് ബാങ്ക്‌സ് ഡോപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് കാലത്തടക്കം സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജീവന്‍ തൃണവല്‍ഗണിച്ചെത്തിച്ചവരോട് സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അനീതിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത വേതനം നല്‍കിയിട്ടില്ല. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഈ മേഖയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം കുറയുകയാണ്. സംസ്ഥാനത്ത് 20000 പേര്‍ക്കാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒമ്പതിന് വെള്ളി രാവിലെ 10 മണിക്ക് സഹകരണ ഭവനുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ആലി ചേന്ദമംഗല്ലൂര്‍, യു.വി ജയപ്രകാശ്, പി.രാധാകൃഷ്ണന്‍, ടി.പി അരവിന്ദാക്ഷന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.