കോഴിക്കോട്: നിര്‍മാണ പ്രവൃത്തിക്ക് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാടകയ്ക്ക് നല്‍കുന്നവരുടെ സംഘടനയായ ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ ഫോര്‍ കെയര്‍ (TRAC) സംസ്ഥാന സമ്മേളനം 11ന് ഞായര്‍ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും.
94ാം വയസ്സിലും നിര്‍മാണ തൊഴില്‍ രംഗത്ത് സജീവ സാന്നിധ്യമായി നിലക്കൊള്ളുന്ന കത്രീന തൃശൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് മാസ്റ്റര്‍, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ശോഭിത കെ.സി, കൗണ്‍സിലര്‍ നവ്യ ഹരിദാസ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ. സെക്രട്ടറി സി.കെ വിജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈ.പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി ആശംസ നേരും. മൊബൈല്‍ അപ്പ് പ്രകാശനം സംസ്ഥാന രക്ഷാധികാരി സെയ്ദ് അലവി നിര്‍വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 20000ല്‍ അധികം പേരാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്.
നിര്‍മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന കടുത്ത പ്രതിസന്ധി കാരണവും ലക്ഷങ്ങള്‍ വിലമതിക്കുന്ന ടൂള്‍സും വാടകയും തിരിച്ചു കിട്ടാത്ത സാഹചര്യത്തിലും നൂറ് കണക്കിന് കടകള്‍ നിര്‍ത്തലാക്കുകയും അതിലേറെ കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുന്നതുമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കൃത്യമായ വാടക ലഭിക്കുന്നതിനും വാടകയ്ക്ക് നല്‍കുന്ന ടൂള്‍സ് തിരിച്ച് കിട്ടുന്നതിനും നിയമപരമായ പരിരക്ഷ ലഭിക്കുന്നില്ലയെങ്കില്‍ ഈ മേഖല നിശ്ചലമാകും.സമ്മേളനത്തില്‍ കട ഉടമകളും പ്രശ്‌നങ്ങളും അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ശിഹാബ് ചെവിടിയില്‍, ജന. സെക്രട്ടറി സുഭാഷ് അയ്യോത്ത്, ട്രഷറര്‍ സിദ്ദിഖ് നരിക്കുനി, സെക്രട്ടറി ഗഫൂര്‍ വാഴയില്‍, ജില്ലാ സെക്രട്ടറി സുമേഷ് തിരുവമ്പാടി എന്നിവര്‍ പങ്കെടുത്തു.