ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോ- പോര്‍ച്ചുഗല്‍ പോരാട്ടം

ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോ- പോര്‍ച്ചുഗല്‍ പോരാട്ടം

സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-0ന് തോല്‍പ്പിച്ച് മൊറോക്കോയും സ്വിറ്റ്‌സര്‍ലാന്‍ഡിനെ 6-1ന് പരാജയപ്പെടുത്തി പോര്‍ച്ചുഗലും ക്വാര്‍ട്ടറിലേക്ക്

ദോഹ: മുന്‍ ലോകകപ്പ് ചാമ്പ്യന്മാരായ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മുട്ടുക്കുത്തിച്ച് പുതു ചരിത്രം രചിച്ച് മൊറോക്കോ. പ്രീ ക്വാര്‍ട്ടറില്‍ ആവേശം 90 ഉം 120 ഉം മിനിട്ട് കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ സ്‌പെയ്‌നിന് മടക്ക ടിക്കറ്റ് നല്‍കി മൊറോക്കോ മാജിക്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്ത്. ടിക്കിടാക്കയിലൂടെ മത്സരത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും പന്ത് നിയന്ത്രിച്ചിരുന്ന സ്‌പെയിനിന് മോറോക്കന്‍ പ്രതിരോധ കോട്ടയെ ഭേദിച്ച് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. മറുഭാഗത്ത് പന്ത് കിട്ടുമ്പോഴെല്ലാം സ്‌പെയിന്‍ ഗോള്‍മുഖത്തേക്ക് മോറോക്കന്‍ താരങ്ങള്‍ ഇരച്ചു കയറി. ഈ വിജയത്തിന് മൊറോക്കോ നന്ദി പറയേണ്ടത് അവരുടെ ഗോള്‍കീപ്പര്‍ യാസിന്‍ ബോണോയോടാണ്. നിശ്ചിത സമയത്തും അധിക സമയത്തും പെനാല്‍ട്ടി ഷൂട്ടൗട്ടിലും ടീമിന് രക്ഷകനായത് യാസിന്‍ ബോണോയാണ്. ഈ വേള്‍ഡ് കപ്പില്‍ കാനഡ മാത്രമാണ് ബോണോയുടെ ഗോള്‍വല ചലിപ്പിച്ചത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരിചയസമ്പത്ത് സ്‌പെയിനിനെ തുണയ്ക്കുമെന്ന് കരുതിയവര്‍ക്ക് കണക്കുകൂട്ടലുകള്‍ തെറ്റി. ഷൂട്ടൗട്ടില്‍ മൊറോക്കോയ്ക്കായി ആദ്യ കിക്കെടുത്ത സബീരി സ്പാനിഷ് ഗോളിയെ മറികടന്നു. മറുപടിയില്‍ സറാബിയയുടെ ആദ്യ കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചു. മൊറോക്കോയ്ക്കായി രണ്ടാം കിക്ക് സിയെച്ച് വലയിലാക്കിയപ്പോള്‍ സ്‌പെയിനായി കാര്‍ലോസ് സോളര്‍ എടുത്ത കിക്ക് ഗോളി ബോണോ തടഞ്ഞുക്കൊണ്ട് മൊറോക്കന്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. മൊറോക്കോയുടെ മൂന്നാം കിക്ക് സിമോണ്‍ തടുത്തു. പിന്നാലെ സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സ് എടുത്ത ഷോട്ട് ഗോളിയില്‍ തട്ടി നിന്നു. ഹക്കീമിയുടെ ഷോട്ട് വലയിലെത്തിയതോടെ മൊറോക്കോ 3-0ന്റെ വിജയവുമായി ക്വാര്‍ട്ടറിലെത്തി. മൊറോക്കോന്‍ പ്രതിരോധത്തിനും ഗോളിക്കും മുന്നില്‍ സ്‌പെയിനിന്റെ 1019 പാസുകള്‍ നിഷ്പ്രഭമാകുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് മോറോക്കോ ക്വാര്‍ട്ടഫൈനലില്‍ കടക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഗോള്‍ മഴയില്‍ മുക്കി ക്വാര്‍ട്ടര്‍ പേവേശനം ആഘോഷമാക്കി പോര്‍ച്ചുഗല്‍ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ആധികാരിക വിജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത മത്സരത്തില്‍ താരത്തിന്റെ പകരക്കാരനായി വന്ന ഗോണ്‍സാലോ റാമോസ് ടീമിന് വേണ്ടി ഹാട്രിക് നേടി. നായകന്‍ പെപ്പേയും റാഫേല്‍ ഗ്വിറേറോയും റാഫേല്‍ ലിയോയും ഓരോ ഗോളുകളടിച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് ഗോണ്‍സാലോ റാമോസ് നേടുന്നത്. നോക്കൌട്ട് റൗണ്ടില്‍ പെലെയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായാണ് റാമോസ് തിരിച്ചുകയറിയത്.

17-ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ റാമോസ് ആദ്യ ഗോള്‍ കണ്ടെത്തി. 32ാം മിനിട്ടിലെ കോര്‍ണര്‍ കിക്ക് പവര്‍ ഹെഡ്ഡിലൂടെ 39കാരനായ പെപ്പെ ഗോളിലേക്ക് വഴി തിരിച്ചുവിട്ടു. 50-ാം മിനിട്ടില്‍ റാമോസ് വീണ്ടും സ്വിസ് വല ചലിപ്പിച്ചു. 55ാംമിനിട്ടില്‍ റാഫേല്‍ ഗ്വിറേറോ പോര്‍ച്ചുഗലിന്റെ നാലാം ഗോള്‍ നേടി. 59-ാം മിനിറ്റില്‍ മാന്വല്‍ അക്കാഞ്ചിയിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ആശ്വാസ ഗോള്‍ നേടി. തുടര്‍ന്നങ്ങോട്ട് പോര്‍ച്ചുഗലിന്റെ ആറാട്ടായിരുന്നു ഒട്ടും സമയം കളയാതെ ഗോളുകളുടെ എണ്ണം പരമാവധി കൂട്ടുന്ന തിരക്കിലായിരുന്നു അവര്‍. 67ാം മിനിട്ടില്‍ റാമോസ് ഈ വേര്‍ഡ് കപ്പിലെ ആദ്യത്തെ ഹാട്രിക്ക് തന്റെ പേരില്‍ കുറിച്ചു. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ റാഫേല്‍ ലിയോ പോര്‍ച്ചുഗലിന്റെ പട്ടിക പൂര്‍ത്തിയാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *