കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടാനാകാതെ അന്വേഷണസംഘം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയിലുള്ള നഗരസഭയുടെ അക്കൗണ്ടില്‍ നിന്നും 12 കോടിയോളം രൂപ അപഹരിച്ച പ്രതിയെ 10 ദിവമായിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മാനേജര്‍ റിജില്‍ ആണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടും ഇതു വരെ അയാള്‍ പിടിയിലായിട്ടില്ല.
മാനേജര്‍ റിജില്‍ നടത്തിയ തട്ടിപ്പിന്റെ കണക്ക് തിട്ടപ്പെടുത്താന്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞത്. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഇടപാടുകള്‍ നിത്യേനെ പരിശോധിക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാം തീയതി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനിടയില്‍ പ്രതിയായ റിജില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു. നാളെ റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി വിധി പറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിലെ പ്രതി ബാങ്ക് മാനേജര്‍ റിജിലിനായി അന്നു തൊട്ട് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പോലിസ് വിശദീകരണം.
കോര്‍പറേഷന്‍ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യവ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നുമായി റിജില്‍ നടത്തിയ തിരിമറിയുടെ കണക്ക് തിട്ടപ്പടുത്താനും പണം ചെലവിട്ട വഴികള്‍ കണ്ടെത്താനുമാണ് അന്വേഷണ സംഘം കൂടുതല്‍ സമയവും ചെലവിട്ടത്. സംസ്ഥാനത്തെ അമ്പരിപ്പിച്ച ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എവിടെ എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറുപടിയില്ല. അതേസമയം, നഷ്ടപ്പെട്ട പണം മുഴുവന്‍ തിരിച്ച് ഉടന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബാങ്കിന് കോര്‍പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം തിരികെ കിട്ടിയ ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കിലെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യുന്ന കാര്യവും കോര്‍പറേഷന്റെ പരിഗണനയിലുണ്ട്.
അതേ സമയം നഗരസഭാ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപാ തട്ടിച്ച മാനജര്‍ റിജിലിനെ ഇതുവരെ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിന് പിന്നില്‍ ദുരൂഹതയേറുകയാണ്. ഇത് അറസ്റ്റില്‍ നിന്ന് രക്ഷപെടാന്‍ കൂടുതല്‍ സമയം പ്രതിക്ക് നല്‍കാനാണെന്ന സംശയവും ഉണ്ട്. സംഭവത്തിന് പിന്നില്‍ ബാങ്കിലെ മാനേജറാണ് എന്ന് കണ്ടെത്തിയപ്പോള്‍ തന്നെ അറസ്റ്റ് നടന്നിരുന്നെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ പേരില്‍ പ്രതിക്ക് പോലിസിനെ വെട്ടിച്ച് നടക്കാന്‍ കഴിയില്ലായിരുന്നുവെന്നാണ് പറയുന്നത്.