ആനക്കൊമ്പ് കേസ്: നടനെ പിന്തുണച്ച് സര്‍ക്കാര്‍; സാധാരണക്കാരനാണെങ്കില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമോയെന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസ്: നടനെ പിന്തുണച്ച് സര്‍ക്കാര്‍; സാധാരണക്കാരനാണെങ്കില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമോയെന്ന് ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് നടന്റെ കൈവശം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, ഇതു കേട്ട ഹൈക്കോടതി മറുചോദ്യം ചോദിച്ചു. ഈ നിയമലംഘനം നടത്തിയത് ഒരു സാധരാണക്കാരനായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു പിന്തുണ നല്‍കുമായിരുന്നോ എന്ന് കോടതി ചോദിച്ചു. മാത്രമല്ല കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. സാധാരണക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ അഭിഭാഷകന്റെ വാദം.

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹരജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. 2012 ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *