ജപ്പാനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക്
ദോഹ: ക്യാച്ചസ് വിന്‍സ് മാച്ചസ് എന്നൊരു ചൊല്ലുണ്ട്. അത് അക്ഷരംപ്രതി ശരിയെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ജപ്പാന്‍ ക്രൊയേഷ്യ മത്സരം. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ക്രൊയേഷ്യയുടെ ജയം. ക്രൊയേഷ്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച്. മുന്ന് ജപ്പാന്‍ താരങ്ങളുടെ പെനാല്‍ട്ടി ഷോട്ട് തടഞ്ഞുക്കൊണ്ടാണ് ലിവാകോവിച്ചിന്റെ കൈകളിലൂബടെ ക്രൊയേഷ്യ വിജയം സ്വന്തമാക്കിയത്. ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ 43-ാം മിനിട്ടില്‍ ഡെയ്‌സന്‍ മെയ്ഡായുടെ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ മിന്നല്‍ ഹെഡ്ഡറിലാണ് ക്രൊയേഷ്യ സമനിലയില്‍ തളച്ചത്.
പന്തടക്കത്തിലും പാസിംഗിലും ക്രൊയേഷ്യക്കൊപ്പം പിടിച്ച ജപ്പാന്‍ നിശ്ചിത സമയത്ത് ലക്ഷ്യത്തിലേക്ക് നാലു തവണ ലക്ഷ്യം വെച്ചപ്പോള്‍ ക്രോയേഷ്യയും മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചു. തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ജപ്പാന്‍ ക്രൊയേഷ്യയെ വിറപ്പിച്ചു നിര്‍ത്തി. അധികസമയത്തും ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ കണ്ടെത്താനാകതെ വന്നതോടെ ഈ ലോകകപ്പിലെ ആദ്യ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ജപ്പാന്റെ ആദ്യ കിക്കെടുത്ത മയാ യോഷിധയുടേയും ടാകുമ അസാനോക്കുവിന്റേയും ഷോട്ടുകള്‍ ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞപ്പോള്‍ ഗാലറിയിലെ ജപ്പാന്‍ ആരവങ്ങള്‍ നിലച്ചു. ക്രൊയേഷ്യയുടെ മരിയോ പസിലിച്ചും മാര്‍ക്കോ ലിവാജയും കിക്കുകള്‍ ഗോളാക്കി. ജപ്പാനു വേണ്ടി മൂന്നാം കിക്കെടുത്ത തകുമ അസാനോ ഗോളാക്കി ജപ്പാന് ആശ്വസിക്കാന്‍ വക നല്‍കി.
ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുത്ത മാര്‍ക്കാ ലിവായോക്ക് പിഴച്ചു. ജപ്പാന്റെ നാലാം കിക്കെടുത്ത ടാകുമി മിമിനോക്കിന്റെ ഷോട്ടും ലിവാകോവിച്ച് തടഞ്ഞിട്ടപ്പോള്‍ ജപ്പാന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നാലാം കിക്കെടുത്ത ക്രൊയേഷ്യയുടെ മാരിയോ പസാലിച്ച് ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക്. മത്സരത്തിലെ മൂന്നു സേവുകളോടു കൂടി പുതിയൊരു റെക്കോര്‍ഡു കൂടി ലിവാകോവിച്ചിനെ തേടിയെത്തി. 2006ല്‍ പോര്‍ച്ചുഗലിന്റെ റിക്കാഡോക്കും 2018ല്‍ ക്രൊയേഷ്യുടെ തന്നെ ഡാനിയല്‍ സബേസിക്കും ശേഷം ആദ്യമായണ് ഒരു ഗോള്‍കീപ്പര്‍ ഒരു ഷൂട്ടൗട്ടില്‍ മൂന്ന് സേവുകള്‍ നടത്തുന്നത്.