കോട്ടക്കല്‍: യുദ്ധവും ആയുധപ്പന്തയങ്ങളും നിമിത്തം മനുഷ്യരും പ്രകൃതിവിഭവങ്ങളും നശിക്കുന്ന ഇന്നത്തെ യുഗത്തില്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ലോകത്തിന് മാര്‍ഗദര്‍ശിയാകുമെന്നും ചരിത്രത്തിന്റെ ധാരയെ മാറ്റിമറിച്ച യുഗസ്രഷ്ടാവെന്ന നിലയിലാണ് ലോകം ഗാന്ധിജിയെ എന്നും ഓര്‍ക്കുകയെന്നും മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ അഭിപ്രായപ്പെട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതിയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ പ്രതിനിധികള്‍ ‘യുഗനിര്‍മ്മാതാ ഗാന്ധി’ എന്ന ഹിന്ദി കൃതി ഉപഹാരമായി നല്‍കിയപ്പോഴാണ് അവര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. പ്രതിനിധി സംഘത്തോട് ഇതൊരു മഹത്തായ കൃതിയാണെന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഇങ്ങനെയൊരു കൃതി തയ്യാറാക്കിയവര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗാന്ധിചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. ആര്‍സു, ഡോ. കെ എസ് ഷബീല എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത പുസ്തകമാണിത്. ഗാന്ധിജിയെക്കുറിച്ച് ഹിന്ദിയില്‍ വന്ന പുസ്തകങ്ങള്‍ വിലയിരുത്തുന്നതാണ് ഈ പഠന ഗ്രന്ഥം. ആര്യവൈദ്യശാലയില്‍ എത്തിയ പ്രതിനിധി സംഘത്തില്‍ ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. ആര്‍സു, ട്രസ്റ്റ് മെംബര്‍ ഡോ എം.കെ പ്രീത, നോവലിസ്റ്റ് പി.ടി രാജലക്ഷ്മി, കെ. വാരിജാക്ഷന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. മുന്‍ രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.ജി ദാസ് അംഗങ്ങളെ പരിചയപ്പെടുത്തി.