തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷിച്ചത്.കൊല നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി. 2018 മാര്‍ച്ച് നാലിനാണ് കോവളത്തെത്തിയ ലാത്വിയന്‍ യുവതിയെ കാണാതായത്. ഒരു മാസത്തിന് ശേഷം അവരുടെ മൃതദേഹം കോവളം ബിച്ചിന് അടുത്തുള്ള ഒരു ചതുപ്പില്‍ കണ്ടെത്തുകയായിരുന്നു. തല ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
വിദേശ വനിതയെ കാണാനില്ലെന്ന പരാതി ലാഘവബുദ്ധിയോടെയാണ് തുടക്കത്തില്‍ പോലിസ് കൈകാര്യം ചെയ്തത്. വിഷാദ രോഗിയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ചികിത്സയ്ക്കും മറ്റുമായാണ് കേരളത്തിലെത്തിയത്. പതിവായി പ്രഭാത സവാരി നടത്താറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ യുവതി പിന്നീട് തിരിച്ച് വന്നില്ല. തുടര്‍ന്ന് കാണാതായ യുവതിയുടെ സഹോദരി അന്വേഷണം കാര്യക്ഷമമാക്കണമെന്നും സഹോദരിയെ കണ്ടുപിടിക്കണമെന്നും ആവശ്യപ്പെടുകയും അവരുടെ സ്വയം തിരച്ചിലുകള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുകയും ചെയ്തതോടു കൂടിയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കയത്.
തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. കോവളത്തെത്തിയ യുവതിയെ മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. മയക്കം വിട്ടുണര്‍ന്ന വിദേശ യുവതിയും പ്രതികളും തമ്മില്‍ സംഘര്‍ഷമുണ്ടായവുകയും പ്രതികള്‍ യുവതിയെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. അതേ സമയം ഇന്ന് കോടതിയില്‍ വളരെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ജഡ്ജി ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുമ്പ് പ്രതികളായ ഉദയനും ഉമേഷും തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറഞ്ഞു. നുണ പരിശോധന നടത്തണെന്നും സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അധ്യാപകന്‍ ഓടിപ്പോകുന്നത് കണ്ടിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. യോഗ അധ്യാപകന് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ കോടതിയില്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ ഇവരെ അവഗണിച്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു.