കൊച്ചി : മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. ഹരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുക്കുന്നതില്‍ പോലിസിന് വീഴ്ച സംഭവിച്ചെന്നും അതിന് ഉത്തരവാദി ശ്രീറാം അല്ലെന്നും പറഞ്ഞാണ് തിരുവനന്തപുരം അഡിഷനല്‍ ജില്ലാസെഷന്‍സ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയത്. ശ്രീറാം വെങ്കിട്ടരാമന് മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ മുന്‍പരിചയമില്ലായിരുന്നുവെന്നും അതുകൊണ്ട് കൊല്ലാനുള്ള ഉദ്ദേശത്തോടെയല്ലവാഹനം ഓടിച്ചതെന്നും അപകടശേഷം കെ.എം ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീറാം സഹായി ച്ചെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഹൈക്കോടതി ഈ ഉത്തരവിന് സ്റ്റേ നല്‍കുകയായിരുന്നു.
നരഹത്യാകുറ്റത്തിന്റെ കാര്യത്തില്‍ കാര്യമായ വസ്തുതകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രാഥമികമായി അറിയിച്ചത്. നരഹത്യയെന്നതിന് തെളിവുകളുണ്ട്. ശ്രീറാം ആദ്യ ഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസ് പരിഗണിച്ച കോടതി രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതുവരെ കീഴ്‌ക്കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാകില്ല. ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. സര്‍ക്കാര്‍ ഹരജിയിലെ ഉത്തരവിനെ ആശ്രയിച്ചാകും തുടര്‍നടപടി. ശ്രീറാം വെങ്കിട്ടരാമന്‍, വഹ ഫിറോസ് എന്നിവര്‍ എതിര്‍കക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്.