ആധികാരികം…

ആധികാരികം…

കൊറിയയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്

ദോഹ: ഇതാണ് ബ്രസീല്‍. സാംബാ നൃത്തച്ചുവടുകളുമായി എതിരാളികളെ വട്ടംക്കറക്കി മൈതാനത്ത് ഫുട്‌ബോളിന്റെ മാസ്മരിക സൗന്ദര്യം തീര്‍ത്തു കാനറിപ്പട. ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാമറൂണിനോട് തോറ്റതിന്റെ ഒരു തരത്തിലുമുള്ള സമ്മര്‍ദവും കൂടാതെയാണ് പ്രീക്വാര്‍ട്ടറില്‍ സൗത്ത് കൊറിയയെ നേരിടാന്‍ ബ്രസീല്‍ ഇറങ്ങിയത്. പരുക്കില്‍ നിന്ന് മുക്തനായ സൂപ്പര്‍ താരം നെയ്മറും ടീമിനൊപ്പം ചേര്‍ന്നതോടുകൂടി ബ്രസീല്‍ സ്‌ക്വാഡ് ശക്തമായിരുന്നു. മറുഭാഗത്ത് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വസത്തിലായിരുന്നു സൗത്ത് കൊറിയ എന്നാല്‍ അത് തകരാന്‍ നിമിഷങ്ങള്‍ മാത്രമായിരുന്നു വേണ്ടിയിരുന്നത്. കളിയുടെ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ബ്രസീലിനു മന്നില്‍ കൊറിയക്ക് പിടിച്ചു നില്‍ക്കാനായില്ല. തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ട ബ്രസീലിന് ലക്ഷ്യവും അനായാസമായിരുന്നു. കളി ആരംഭിച്ച് 36 മിനിട്ടിനുള്ളില്‍ കൊറിയന്‍ വലയില്‍ എത്തിയത് നാല് ഗോളുകളാണ്. ഏഴാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി ആദ്യ ഗോള്‍ നേടിയത്. 13ാം മിനിട്ടില്‍ റിച്ചാര്‍ലിസനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി സൂപ്പര്‍താരം നെയ്മര്‍ അനായാസം ലക്ഷ്യത്തിലേക്കെത്തിച്ചു. കൊറിയന്‍ ഗോള്‍കീപ്പര്‍ കിം സ്യു ഗ്യുവിന് കാഴ്ചക്കാരനാി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞിള്ളൂ.

രണ്ടാം ഗോളിന്റെ ചൂടാറുന്നതിന് നുമ്പേ റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബ്രസീല്‍ ലീഡുയര്‍ത്തി. 36ാം മിനിട്ടില്‍ പക്വറ്റ കൂടെ ഗോള്‍ നേടിയതോടെ പട്ടിക പൂര്‍ത്തിയായി. ചില അവസരങ്ങള്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ ഗോള്‍ ബ്രസീലിന് നേടാമായിരുന്നു. ആദ്യ പകുതിയില്‍ ചിത്രത്തിലേ ഇല്ലായിരുന്ന കൊറിയന്‍ ടീം രണ്ടാം പകുതിയിലാണ് അല്‍പമെങ്കിലും ഉണര്‍ന്നു കളിച്ചത്. അലിസണ്‍ ബക്കറിന് നേരെ രണ്ടാം പകുതിയില്‍ കൊറിയ നിരന്തരം ഷോട്ടുകള്‍ ഉതിര്‍ത്തു. ഒടുവില്‍ അതിന് ഫലവും കണ്ടു. 76ാം മിനിട്ടില്‍ പൈക്ക് സ്യുംഗ് ഹോയാണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍. അതേസമയം ജയത്തിനുശേഷം ബ്രസീല്‍ ടീം പെലെയുടെ ബാനര്‍ പുറത്തിറക്കി. വന്‍കുടലിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലാണ് ഇതിഹാസ താരം.

ദക്ഷിണ കൊറിയക്കെതിരെ ഗോള്‍ നേടിയതോടെ ഒരു റെക്കോര്‍ഡും നെയ്മറെ തേടിയെത്തി. മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമെന്ന നേട്ടമാണ് നെയ്മര്‍ സ്വന്തമാക്കിയത്. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം. പെലെയും റൊണാള്‍ഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈനേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരങ്ങള്‍. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാള്‍ഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോള്‍ നേടി. 1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ നാല് ഗോള്‍ നേടുന്നത്. 98ല്‍ ചിലെയ്ക്കെതിരെയും ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.

 

Share

Leave a Reply

Your email address will not be published. Required fields are marked *