കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം കേട്ട് കോടികള്‍ മുടക്കി ഡീഫൈബറിങ് യൂണിറ്റുകള്‍ (ചകിരി മില്ലുകള്‍) ആരംഭിച്ച സംരംഭകരും ജീവനക്കാരും കുടുംബാംഗങ്ങളും അത്മഹത്യയുടെ വാക്കിലാണെന്ന് കോയര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മില്ലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫൈബറുകള്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് സംഭരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ എഗ്രിമെന്റ് നിലനില്‍ക്കേ, ഫൈബര്‍ എടുക്കില്ലെന്ന നിലപാടാണ് കയര്‍ഫെഡ് സ്വീകരിക്കുന്നത്. ഇതില്‍ തമിഴ്‌നാട് ലോബിയുടെ ഇടപെടലുണ്ടെന്നാണ് സംശയിക്കുന്നത്. കിടപ്പാടം പണയപ്പെടുത്തിയും ലോണ്‍ എടുത്തുമാണ് യൂണിറ്റുകള്‍ ആരംഭിച്ചത്.
കയര്‍ഫെഡ് ഫൈബര്‍ എടുക്കാത്തതിനാല്‍ സംസ്ഥാനത്തെ 73 ഓളം മില്ലുകളില്‍ 50 എണ്ണം ഇതിനകം പൂട്ടിപോയി. ഫൈബര്‍ എടുക്കുമ്പോള്‍ 15 ദിവസത്തിനകം പണം തരുമെന്നായിരുന്നു കയര്‍ഫെഡ് പറഞ്ഞിരുന്നത്. ഒരുവര്‍ഷക്കാലമായി കുടിശ്ശിക തന്നിട്ടില്ല. സര്‍ക്കാരിന്റെ വാക്ക് കേട്ട് പ്രവാസികളടക്കമുള്ളവരാണ് ഇത്തരം യൂണിറ്റുകള്‍ സ്ഥാപിച്ചത്. കയര്‍ഫെഡിലെ ഉദ്യോഗസ്ഥ ലോബിയാണ് സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പല ടീമുകളിലും സ്റ്റോക്ക് കൂടിക്കിടന്ന് തീപിടിത്തം ഉണ്ടാകുന്നുണ്ട്. തുടക്കത്തില്‍ 33 രൂപ ഉണ്ടായിരുന്ന ഫൈബറിന് 13 രൂപയായി വില താഴ്ന്നിരിക്കുകയാണ്. ബാങ്ക്‌ലോണ്‍ തിരിച്ചടക്കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുകയാണ്. അടിയന്തിരമായി കുടിശ്ശിക തീര്‍ക്കുകയും തങ്ങള്‍ സംഭരിച്ചുവച്ച ഫൈബര്‍ കയര്‍ഫെഡ് സംഭരിക്കണമെന്നവര്‍ ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ കോയര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് സൈനുദീന്‍.കെ , സിയാദ് മോന്‍ അബ്ദുള്‍ സത്താര്‍ (സെക്രട്ടറി), അബ്ദുള്‍ നാസര്‍ (ട്രഷറര്‍) എന്നിവര്‍ സംബന്ധിച്ചു.